ബെംഗളൂരു: അനാരോഗ്യം കണക്കിലെടുത്തും പിതാവിനെ കാണാനും സുപ്രിംകോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകിയിട്ടും കർണാടക സർക്കാരും പൊലീസും പുതിയ കുരുക്കുകൾ ഇട്ട് യാത്ര തടയുന്ന സാഹചര്യത്തിൽ പ്രതികരണവുമായി മഅ്ദനിയുടെ മകൻ. ഈ ചെറിയ പെരുന്നാളിന് വാപ്പിച്ചിക്ക് നാട്ടിൽ കൂടാൻ കഴിയുമെന്ന പ്രതീക്ഷ സുപ്രിംകോടതി വിധി വന്നപ്പോൾ ഉണ്ടായിരുന്നെന്നും എന്നാൽ അതിനു സാധിച്ചില്ലെന്നും മകൻ സലാഹുദ്ദീൻ അയ്യൂബി ഫേസ്ബുക്കിൽ കുറിച്ചു.
|
ഈ പെരുന്നാളും തടവ് സമാനമായി ബാംഗ്ലൂരിൽ തന്നെ ആയി. പെരുന്നാൾ പകലിൽ ഉറക്കം ഉണരുന്നതു തന്നെ വാപ്പിച്ചിക്ക് ഷുഗർ വല്ലാതെ താഴുന്നു എന്ന് ഉമ്മച്ചി വിളിച്ചുണർത്തി പറയുന്ന അവസ്ഥയിൽ ആണ്. ഹൈപ്പോഗ്ലൈസീമിയ സംഭവിച്ചാൽ വളരെ പ്രയാസപ്പെട്ട് ആണ് പിന്നെ നോർമൽ അവസ്ഥയിലേക്ക് എത്തുക. പെരുന്നാൾ ദിനങ്ങളിൽ സാധാരണ ഫ്ലാറ്റിൽ തന്നെ വാപ്പിച്ചിയോടൊപ്പം ആണ് പെരുന്നാൾ നമസ്കരിക്കാറുള്ളത്.
എന്നാൽ ഇത്തവണ നമസ്കാര സമയത്തോട് അനുബന്ധിച്ച് സ്ട്രോക്ക് സംബന്ധമായ ബുദ്ധിമുട്ട് ഉണ്ടാവുകയും തളർന്ന് അവശനായി വാപ്പിച്ചി റൂമിൽ നമസ്കാരത്തിന് നേതൃത്വം കൊടുക്കാനാവാതെ കിടക്കവേ ഞങ്ങൾ ഫ്ലാറ്റിൽ മറ്റൊരു ഭാഗത്ത് തക്ബീറുകൾ ചൊല്ലി നമസ്കരിക്കുകയായിരുന്നു എന്നും അഡ്വ. സലാഹുദ്ദീൻ അയ്യൂബി പറയുന്നു. ഈ ചെറിയ പെരുന്നാളും തടവ് സമാനമായി ബാംഗ്ലൂരിൽ തന്നെ ആയിരിക്കെ ഏറെ വിഷമിപ്പിക്കുന്നത് വാപ്പിച്ചിയുടെ ആരോഗ്യവസ്ഥ കൂടിയാണെന്നും മകൻ വ്യക്തമാക്കി.
വാപ്പിച്ചിയുടെ വാപ്പയ്ക്കൊപ്പം ഈ ചെറിയ പെരുന്നാൾ കുടുംബസമേതം കൂടാൻ കഴിയുമല്ലോ എന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അത് ഇവിടുത്തെ അധികാരികൾക്കും ബോധ്യപ്പെട്ടതാണ്. എന്നാൽ അതിന്റെ പ്രാധാന്യം ബോധ്യപ്പെട്ടിട്ട് തന്നെയിട്ട കുരുക്കാണ് ഇപ്പോഴത്തെ യാത്രാ തടസത്തിന് കാരണം. വാപ്പ (വാപ്പിച്ചിയുടെ വാപ്പ) ഏറെ നാൾ ആയി ഓർമ നഷ്ടപ്പെട്ട് കഴിയുകയാണ്. ഞങ്ങൾ കൊച്ചുമക്കളെ പോലും തിരിച്ചറിയാനാവാത്ത വിധത്തിൽ ഓർമ നഷ്ടപ്പെട്ട അവസ്ഥയാണ് കഴിഞ്ഞ കുറേ നാളുകളായിട്ട്.
ഈ ഓർമക്കുറവിനിടയിലും മറക്കാത്ത ചിന്തയാണ് ‘നാസിർ മോൻ’ എന്നത്. ബാംഗ്ലൂർ അറസ്റ്റിന്റെ സമയത്ത് അതിന്റെ ആഘാതം കാരണം തളർച്ച സംഭവിച്ച് കഴിയുന്ന വാപ്പായുടെ ചിന്തകളെ ഇപ്പോഴും അലട്ടുന്നത് വാപ്പിച്ചിയുടെ അവസ്ഥയാണെന്നും കോടതി വിധി കൂടി അറിഞ്ഞ ശേഷം കൊച്ചാപ്പമാരോട് അദ്ദേഹം നിരന്തരം പറയുന്നത് ‘നാസിർ മോൻ വന്നോ എന്ന് നോക്ക്’ എന്നാണെന്നും സലാഹുദ്ദീൻ പറയുന്നു.
ഓരോ നിമിഷവും കാത്തിരിക്കുയാണ് ആ പ്രിയ പിതാവ്.
ഊരാക്കുടുക്കളിലൂടെ തടസങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുമ്പോഴും വിശ്വാസനിർഭരമായ നിതാന്ത പരിശ്രമങ്ങളിൽ തന്നെയാണ് തങ്ങളെന്നും സലാഹുദ്ദീൻ അയ്യൂബി കുറിച്ചു. മഅ്ദനിക്ക് നാട്ടിൽ പോവണമെങ്കിൽ 20 പൊലീസുകാരുടെ അകമ്പടിക്കു മാത്രം 60 ലക്ഷം രൂപ അടയ്ക്കണമെന്നാണ് കർണാടകയുടെ കടുംപിടിത്തം.
ഇതു കൂടാതെ മറ്റ് ചെലവുകളുംകൂട്ടി ആകെ ഒരു കോടിയോളം രൂപ വേണ്ടിവരും മഅ്ദനിക്ക് കേരളത്തിലെത്താൻ. ഈ സാഹചര്യത്തിൽ വീണ്ടും സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മഅ്ദനി. ഇതിനിടെ, മഅ്ദനിയെ വിടാതിരിക്കാൻ തടസങ്ങൾ സൃഷ്ടിക്കുന്ന കർണാടക സർക്കാരിനെ സുപ്രിംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.





