30
May 2023
Wed
30 May 2023 Wed

തിരുവനന്തപുരം: പേരൂർക്കടയിൽ വിവാഹ സല്‍ക്കാരത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ക്ക് നേരെ നാടന്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ വരനും മൂന്ന് സുഹൃത്തുക്കളും അറസ്റ്റില്‍. പ്രതികളിൽ രണ്ട് പേർ ഒളിവിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വരന്‍ പോത്തന്‍കോട് കലൂര്‍ മഞ്ഞമല വിപിന്‍ ഭവനില്‍ വിജിന്‍ (24), ഇയാളുടെ സുഹൃത്തുക്കളായ ആറ്റിങ്ങല്‍ ഇളമ്പ വിജിതാ ഭവനില്‍ വിജിത്ത് (23), പോത്തന്‍കോട് പേരുതല അവിനാഷ് ഭവനില്‍ ആകാശ് (22), ആറ്റിങ്ങല്‍ ഊരുപൊയ്ക പുളിയില്‍കാണി വീട്ടില്‍ വിനീത് (28) എന്നിവരെയാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.

പ്രണയത്തിലായിരുന്ന ക്രൈസ്റ്റ് നഗർ സ്വദേശിനിയും വിജിനും ഞായറാഴ്ചയാണ് വിവാഹിതരായത്. വൈകിട്ട് വധുവിന്റെ വീട്ടുകാർ നടത്തിയ വിവാഹ സൽക്കാരത്തിനിടെ വിജിന്റെ സുഹൃത്തും വധുവിന്റെ ബന്ധുക്കളായ യുവാക്കളും തമ്മിൽ കൈയാങ്കളി ഉണ്ടായി. ഇതിൽ പ്രകോപിതനായി ഇറങ്ങിപ്പോയ വിജിൻ പോത്തൻകോട് നിന്നു സുഹൃത്തുക്കളെ വിളിച്ചുവരുത്തി.

വാൾ, വെട്ടുകത്തി, നാടൻബോംബ് എന്നീ ആയുധങ്ങളുമായാണ് വരൻ്റെ സുഹൃത്തുക്കൾ എത്തിയത്. തുടർന്ന് ആൾക്കൂട്ടത്തിന് നേരെ ബോംബ് എറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാർ എത്തിയതോടെ ഓട്ടോറിക്ഷയിൽ കയറി വഴയിലവഴി പേരൂർക്കട ഭാഗത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചു.

പ്രതികളെ പിന്തുടർന്ന നാട്ടുകാർക്ക് നേരേയും നാടൻ ബോംബെറിഞ്ഞും വെട്ടുകത്തി ചൂണ്ടിയും സംഘം ഭീഷണിപ്പെടുത്തി. നിരവധി കേസുകളിൽ പ്രതികളാണ് ആക്രമണം നടത്തിയ സംഘമെന്ന് പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ, വെഞ്ഞാറമൂട്, പോത്തൻകോട്, ചിറയിൻകീഴ് എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണ് അറസ്റ്റിലായത്.