മുസ്ലിം ലീഗ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ പാര്‍ട്ടിക്കകത്ത് വലിയ അതൃപ്തി പുകയുന്നു. യൂത്ത് ലീഗ്, എംഎസ്എഫ്, കെഎസ്ടിയു തുടങ്ങിയ പോഷക സംഘടനകളെ തഴഞ്ഞ് ഇഷ്ടക്കാരെ തിരുകിക്കയറ്റിയതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
|
മലപ്പുറത്ത് ചേര്‍ന്ന യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗത്തില്‍ ലീഗ് മന്ത്രിമാര്‍ക്കും മുതിര്‍ന്ന നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. അഞ്ച് മന്ത്രിമാരെയും വിളിച്ചുവരുത്തി സംസാരിക്കണമെന്നാണ് പ്രവര്‍ത്തകരുടെ പ്രധാന ആവശ്യം.
കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇത്തവണ സ്റ്റാഫ് നിയമനത്തിന് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാകുമെന്നും പോഷക സംഘടനകളെ പരിഗണിക്കുമെന്നും പാര്‍ട്ടി നേതൃത്വം പ്രവര്‍ത്തകര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ തന്നെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ഇതിനായി റഷീദലി തങ്ങള്‍, പി.എം.എ സലാം എന്നിവരടങ്ങുന്ന ഒരു സമിതിയെ നിയോഗിക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് തലം മുതല്‍ സംസ്ഥാന തലം വരെ കൃത്യമായി പരിശോധിച്ചാണ് നിയമനത്തിനായുള്ള പട്ടിക തയ്യാറാക്കി സമിതിക്ക് നല്‍കിയത്. എന്നാല്‍ ഈ പട്ടികയില്‍ നിന്ന് ഒരാളെപ്പോലും നിയമിച്ചില്ലെന്നാണ് പോഷക സംഘടനകള്‍ ആരോപിക്കുന്നത്. എംഎസ്എഫ് സംസ്ഥാന നേതൃത്വം നല്‍കിയ പട്ടിക പൂര്‍ണമായും തഴയപ്പെട്ടപ്പോള്‍, അവര്‍ക്ക് ലഭിച്ചത് ഒരു പ്യൂണ്‍ തസ്തിക മാത്രമാണ്. ഇത് വേണ്ടെന്ന നിലപാടിലാണ് എംഎസ്എഫ് ഉള്ളത്. അധ്യാപക സംഘടനയായ കെഎസ്ടിയുവില്‍ നിന്നും ആര്‍ക്കും അവസരം ലഭിച്ചില്ല.
പാര്‍ട്ടിക്ക് വേണ്ടി അഹോരാത്രം കഷ്ടപ്പെടുകയും കേസുകളില്‍ പ്രതികളാകുകയും ചെയ്ത സാധാരണ പ്രവര്‍ത്തകരെ പൂര്‍ണമായും തഴയുന്ന സമീപനമാണ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. പകരം ഉപജാപക സംഘങ്ങളുടെ ഇടപെടലിലൂടെ നൂലില്‍ കെട്ടിയിറക്കിയവരെയാണ് മന്ത്രിമാരുടെ സ്റ്റാഫായി നിയമിച്ചിരിക്കുന്നത് എന്നാണ് പ്രധാന ആക്ഷേപം. ആര്‍എസ്എസ് ബന്ധമുള്ളവരെയും സിപിഎം അനുകൂലികളെയും വരെ പേഴ്‌സണല്‍ സ്റ്റാഫാക്കുന്നതായി നേരത്തേ ആക്ഷേപമുയര്‍ന്നിരുന്നു.
കഴിഞ്ഞ കാലങ്ങളില്‍ മന്ത്രിമാരുടെയും എംപിമാരുടെയും സ്റ്റാഫായിരുന്നവരില്‍ 80 ശതമാനം പേര്‍ തന്നെയാണ് ഇപ്പോഴും ആ സ്ഥാനങ്ങളില്‍ തുടരുന്നത്. ഇതിന് പിന്നില്‍ തെക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കോക്കസ് ഉണ്ടെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
മുതിര്‍ന്ന നേതാവായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയാണ് യോഗത്തില്‍ പ്രധാന വിമര്‍ശനമുയര്‍ന്നത്. അദ്ദേഹത്തിന് സ്റ്റാഫ് നിയമനത്തില്‍ പ്രത്യേക ഇളവ് നല്‍കുകയും സമിതിയെ മറികടന്ന് സ്വന്തം നിലയ്ക്ക് നിയമനം നടത്താന്‍ അനുവാദം നല്‍കുകയും ചെയ്തു. മുന്‍പുണ്ടായിരുന്ന ആളുകളെ തന്നെ അദ്ദേഹം വീണ്ടും സ്റ്റാഫായി നിയമിച്ചപ്പോള്‍ മറ്റ് മന്ത്രിമാരും ഇതേ രീതി തന്നെ ആവര്‍ത്തിക്കുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ തന്നെ ഇങ്ങനെ ചെയ്യുമ്പോള്‍ മറ്റ് മന്ത്രിമാര്‍ അത് പിന്തുടര്‍ന്നതില്‍ അത്ഭുതമില്ലെന്നാണ് പ്രവര്‍ത്തകരുടെ പക്ഷം.



