30
May 2023
Wed
30 May 2023 Wed

ഹൈദരാബാദ്: ബിരിയാണിയില്‍ പാറ്റയെ കണ്ടെത്തിയതിനെ തുടര്‍ന്ന് പരാതിക്കാരന് 20000 രൂപ നഷ്ടപരിഹാരം. ഹൈദരാബാദിലെ അമീര്‍പേട്ടിലെ ക്യാപ്റ്റന്‍ കുക്ക് റെസ്റ്റോറന്റില്‍ നിന്നു വാങ്ങിയ ബിരിയാണിയില്‍ പാറ്റയെ കിട്ടിയ ഉപയോക്താവ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് പരാതി നല്‍കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരാതിയില്‍ ഏപ്രില്‍ 18നാണ് കമ്മീഷന്‍ റെസ്റ്റോറന്റ് മാനേജരോട് പരാതിക്കാരന് 20000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശം നല്‍കിയത്. എം അരുണ്‍ എന്നയാളാണ് പരാതിക്കാരന്‍. 2021 സപ്തംബറിലാണ് അരുണ്‍ ഈ റെസ്റ്റോറന്റില്‍ നിന്ന് ബിരിയാണി പാഴ്‌സലായി വാങ്ങിയത്. കഴിക്കാനായി എടുത്തപ്പോഴാണ് ബിരിയാണിയില്‍ നിന്ന് ജിവനുള്ള പാറ്റയെ കിട്ടിയത്.

പാറ്റയെ കിട്ടിയതിന്റെ വീഡിയോ പകര്‍ത്തി അരുണ്‍ റസ്റ്റോറന്റിനെ കാണിച്ചപ്പോള്‍ മാനേജര്‍ ക്ഷമാപണം നടത്തുകയും ബിരിയാണിക്ക് നല്‍കിയ 240 രൂപ തിരികെ നല്‍കുകയും ചെയ്തു. ബിരിയാണിയില്‍ പാറ്റയെ കണ്ടതിനെ തുടര്‍ന്ന് ദിവസങ്ങളോളം തനിക്ക് ഭക്ഷണം കഴിക്കാനായിരുന്നില്ലെന്ന് പരാതിക്കാരന്‍ പറയുകയുണ്ടായി.

ചൂടുള്ള ബിരിയാണിയില്‍ നിന്ന് ജീവനുള്ള പാറ്റയെ കിട്ടില്ലെന്ന് റസ്റ്റോറന്റ് അധികൃതര്‍ കമ്മീഷന്‍ മുമ്പാകെ വാദിച്ചു. എന്നാല്‍ റസ്റ്റോറന്റ് മതിയായ ശുചിത്വം പാലിച്ചിരുന്നില്ലെന്ന് വിലയിരുത്തിയ കമ്മീഷന്‍ 20000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതിനു പുറമേ 10000 രൂപ പിഴയായും റസ്റ്റോറന്റിനു ചുമത്തിയിട്ടുണ്ട്.