15
May 2023
Fri
15 May 2023 Fri

ഇംഫാൽ: മണിപ്പൂരിൽ ആദിവാസിയേതര മെയ്‌തേയ് വിഭാഗങ്ങളെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരായ പ്രക്ഷോഭം സംഘർഷത്തിൽ മുങ്ങിയതോടെ സംസ്ഥാനത്ത് കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവ്. ജില്ലാ മജിസ്‌ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഉൾപ്പെടെയുള്ളവർക്ക് ആവശ്യമെങ്കിൽ അക്രമികളെ വെടിവയ്ക്കാൻ നിർദേശം നൽകി ഗവർണർ ഉത്തരവിറക്കി. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ഗോത്രവർഗവിഭാഗങ്ങൾക്ക് സ്വാധീനമുള്ള മേഖലകളിൽ അർധസൈനികവിഭാഗത്തെയും അധിക പൊലിസിനെയും വിന്യസിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

7,500 ലേറെ പേരെ അഭയാർഥി ക്യാംപിലേക്ക് മാറ്റി. സൈന്യവും പൊലിസും ചേർന്നാണ് അഭയാർഥി ക്യാംപുകൾ സജ്ജീകരിച്ചിരിക്കുന്നത്. അഞ്ചുദിവസത്തേക്ക് സംസ്ഥാനത്തുടനീളം മൊബൈൽ ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവച്ചു. ഗോത്രവർഗ മേഖലകളിൽ നിരോധനാജ്ഞ നിലനിൽക്കുകയാണ്. രണ്ടുമൂന്നുദിവസമായി നിലനിന്ന സംഘർഷത്തിന് ഇന്നലെ അയവുവന്നതായാണ് റിപ്പോർട്ടുകൾ. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സൈന്യം ഫഌഗ് മാർച്ച് നടത്തി. രാവിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മുഖ്യമന്ത്രി ബിരൻ സിങ്ങുമായി ടെലിഫോണിൽ സംസാരിച്ചു.

സംഘർഷത്തിനിടെ ബി.ജെ.പി എം.എൽ.എ വുങ്‌സാഗിൻ വാൽതെ ആക്രമിക്കപ്പെട്ടു. എം.എൽ.എ സഞ്ചരിക്കുകയായിരുന്ന വാഹനം പ്രക്ഷോഭകർ തടയുകയും എം.എൽ.എയെയും ഡ്രൈവറെയും ആക്രമിക്കുകയുമായിരുന്നു. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു അദ്ദേഹം. പിന്നീട് എം.എൽ.എ ആശുപത്രിയിൽ ചികിത്സ തേടി.

മണിപ്പൂരിൽ പൊലിസ് നടത്തിയ വെടിവയ്പിൽ ഫുട്‌ബോൾ താരം ഉൾപ്പെടെ മൂന്നുയുവാക്കൾ കൊല്ലപ്പെടുകയുംചെയ്തു. കാങ്‌പൊക്പി ജില്ലയിലാണ് മരണം റിപ്പോർട്ട്‌ചെയ്തത്. സുബ്രതോ കപ്പിൽ സംസ്ഥാന ടീമിന് വേണ്ടി കളിച്ച മാങ്മിൻജോയ് ഹവൊകിപ് (20) ഉൾപ്പെടെ ആണ് കൊല്ലപ്പെട്ടത്. സൈകുൾ ഗ്രാമത്തിൽനിന്നുള്ള ഹവൊകിപിന്റെ തലയ്ക്കാണ് വെടിയേറ്റത്.
വളർന്നുവരുന്ന താരമായ ഹവൊകിപിന് ദാരിദ്ര്യംമൂലം പരിശീലനത്തിന് പോകാൻ കഴിഞ്ഞില്ലെന്ന് സുഹൃത്തുക്കളെ ഉദ്ധരിച്ച് വടക്കുകിഴക്കൻ മേഖലകളിലെ മാധ്യമങ്ങൾ റിപ്പോർട്ട്‌ചെയ്തു. രണ്ടുപേർക്ക് വെടിവയ്പ്പിൽ പരുക്കുള്ളതായും റിപ്പോർട്ടുണ്ട്. എന്നാൽ, മരണം ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം പ്രക്ഷോഭപരിപാടികൾ ഇന്നലെയും നടന്നു. ഓൾ ട്രൈബൽ സ്റ്റുഡന്റ്‌സ് യൂനിയൻ മണിപ്പൂർ (എ.ടി.എസ്.യു.എം) ആണ് പ്രക്ഷോഭപരിപാടികൾക്ക് നേതൃത്വം നൽകുന്നത്. തെറ്റിദ്ധാരണമൂലമാണ് സമരമെന്നും ജനങ്ങൾ ശാന്തരായിക്കണമെന്നും മുഖ്യമന്ത്രി വിഡിയോ സന്ദേശത്തിൽ അഭ്യർഥിച്ചു. പ്രത്യേക കലാപനിയന്ത്രണസേനയെ വിന്യസിക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചു. ബി.ജെ.പിയുടെ വിഭാഗീയ അജണ്ടകളാണ് സംസ്ഥാനത്തെ സംഘർഷങ്ങൾക്ക് കാരണമന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

 

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക