ഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അപകീര്‍ത്തിക്കേസിൽ ശിക്ഷിച്ച ജഡ്ജി ഹരീഷ് ഹസ്മുഖ് ഭായ് വർമ ഉൾപ്പെടെ 68 ജുഡീഷ്യൽ ഓഫീസർമാർക്ക് സ്ഥാനക്കയറ്റം നല്‍കിയതിനെതിരെ സുപ്രിംകോടതിയിൽ ഹരജി. ജില്ലാ ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്‍കിയതിനെതിരെയാണ് ഹരജി നൽകിയത്. ഹരജി സുപ്രികോടതി ഈ മാസം എട്ടിന് പരിഗണിക്കും.
|
ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിക്കുക. സീനിയർ സിവിൽ ജഡ്ജി കേഡറിലെ ജുഡീഷ്യൽ ഓഫീസർമായ ഗുജറാത്ത് സർക്കാരിന്റെ നിയമ വകുപ്പിലെ അണ്ടർ സെക്രട്ടറി രവികുമാർ മേത്ത, ഗുജറാത്ത് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിലെ അസിസ്റ്റന്റ് ഡയറക്ടർ സച്ചിൻ പ്രതാപ് റായ് മേത്ത എന്നിവരാണ് ഹരജി സമർപ്പിച്ചത്.
68 ജഡ്ജിമാരുടെ സ്ഥാനക്കയറ്റം റദ്ദാക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. മാർച്ച് 10ന് ഹൈക്കോടതി പുറപ്പെടുവിച്ച സെലക്ഷൻ ലിസ്റ്റും തുടര്‍ന്ന് ജഡ്ജിമാരെ നിയമിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനവും റദ്ദാക്കാൻ സുപ്രിംകോടതി നിർദേശം നല്‍കണമെന്നാണ് ആവശ്യം. മെറിറ്റും സീനിയോറിറ്റിയും പരിഗണിച്ച് പുതിയ ലിസ്റ്റ് തയ്യാറാക്കാൻ ഹൈക്കോടതിയോട് നിർദേശിക്കണമെന്നും ഹരജിയില്‍ പറയുന്നു.
സ്ഥാനക്കയറ്റം നൽകാനും ഏപ്രില്‍ 18ന് വിജ്ഞാപനം പുറപ്പെടുവിക്കാനും കാണിച്ച അസാധാരണമായ തിടുക്കത്തെ കുറിച്ചും സുപ്രിംകോടതി വിശദീകരണം തേടി. സ്ഥാനക്കയറ്റ കേസ് കോടതിയുടെ പരിഗണനയിലാണെന്ന് അറിയാമായിരുന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ സ്ഥാനക്കയറ്റം സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത് ഖേദകരമാണ്. ഈ തിടുക്കം അംഗീകരിക്കാനാവില്ല.
സീനിയോറിറ്റിക്കാണോ മെറിറ്റിനാണോ പരിഗണന നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു. നിലവില്‍ സ്ഥാനക്കയറ്റം ലഭിച്ചവരേക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ ഉണ്ടായിരുന്നുവെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഹരജിയിൽ സുപ്രിംകോടതി ഡിവിഷൻ ബെഞ്ച് സംസ്ഥാന സർക്കാരിനും ഹൈക്കോടതിക്കും സ്ഥാനക്കയറ്റം ലഭിച്ച 68 ജഡ്ജിമാര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





