|
ലഖ്‌നൗ: ഐ.പി.എല്ലിനിടെ പരിക്കേറ്റ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനും ഇന്ത്യന്‍ താരവുമായ കെ.എല്‍ രാഹുലിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളും ജൂണില്‍ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലും നഷ്ടമാവും. വെള്ളിയാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ രാഹുല്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയ്ക്കൊടുവില്‍ വലതു തുടയിലെ പരിക്കിന് ശസ്ത്രക്രിയ ആവശ്യമാണെന്നും അതിനാല്‍ ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങളിലും ജൂണ്‍ ഏഴിന് ഓവലില്‍ ഓസ്ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കളിക്കാനാകില്ലെന്നും രാഹുല്‍ കുറിച്ചു.
മേയ് ഒന്നിന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെയാണ് രാഹുലിന് പരിക്കേറ്റത്. ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ രാഹുലിന്റെ തുടയില്‍ പരിക്കേല്‍ക്കുകയായിരുന്നു. ഫാഫ് ഡുപ്ലെസ്സിയുടെ ബൗണ്ടറി തടയുന്നതിനിടെയാണ് രാഹുലിന് പരിക്കേറ്റത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയിരുന്നു.


