22
May 2023
Thu
22 May 2023 Thu

റോം: യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യപാദത്തിലെ മിലാൻ ഡർബിയിൽ ജയം സ്വന്തമാക്കി ഇന്റർ മിലാൻ. സാൻസിറോയിൽ നടന്ന ആദ്യ പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ജയം. ആദ്യ 11 മിനിട്ടിനുള്ളിൽ എഡിൻ സെക്കോയും ഹെൻറിക് മിഖിതര്യനും നേടിയ ഗോളുകളാണ് എസി മിലാന് മേൽ ഇന്ററിന് ജയം നേടിക്കൊടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്ങിനിറഞ്ഞ എസി മിലാൻ ആരാധകർക്ക് മുന്നിൽ മത്സരത്തിൻറെ എട്ടാം മിനിറ്റിൽ തന്നെ ഇൻററാണ് ലീഡെടുത്തത്. വലത് ഭാഗത്തു നിന്നും ഹകൻ ചാൽഹാനോലുവിൻറെ കോർണർ നിലംതൊടും മുന്നെ ഒരു കിടിലൻ വോളിയിലൂടെ എഡിൻ സെക്കോ വലയിലെത്തിക്കുകയായിരുന്നു. ഈ ഗോളിൻറെ ഞെട്ടൽ മാറുന്നതിന് മുമ്പുതന്നെ എസി മിലാന് രണ്ടാം പ്രഹരമേറ്റു. മൂന്ന് മിനിറ്റിനകം ഫെഡറിക്കോ ഡിമാർക്കോയുടെ പാസിൽ നിന്ന് മിഖിതര്യനാണ് ഗോൾ നേടിയത്. അഞ്ച് മിനിറ്റിന് ശേഷം ഹകൻ ചാൽഹാനോലുവിൻറെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് എസി മിലാന് ആശ്വാസമായി.

അടുത്ത ആഴ്ചയാണ് രണ്ടാം പാദ മത്സരം. ഇൻറർ മിലാൻ ആരാധകർക്ക് മുന്നിൽ നടക്കുന്ന പോരാട്ടത്തിൽ മൂന്ന് ഗോളുകളുടെയെങ്കിലും വ്യത്യാസത്തിൽ ജയിച്ചാൽ മാത്രമെ ഫൈനലിൽ ഇടം പിടിക്കാനാകു. 2010ന് ശേഷം ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനൽ ലക്ഷ്യമിടുന്ന ഇന്ററിന് രണ്ടാം പാദത്തിൽ ഒരുഗോളിന് പരാജയപ്പെട്ടാലും കലാശപ്പോരാട്ടത്തിന് ടിക്കറ്റുറപ്പിക്കാം. 2010ലാണ് ഇൻറർ മിലാൻ അവസാനമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് എസി മിലാനെതിരെ ഇൻറർ ജയം നേടുന്നത്. സൂപ്പർ കോപ ഫൈനലിലും സിരി എ മത്സരത്തിലുമായിരുന്നു ജയം.