11
May 2023
Sun
11 May 2023 Sun

ലഖ്നൗ: ഉത്തര്‍പ്രദേശിലെ അയോധ്യയിൽ ഹിന്ദു ഭൂരിപക്ഷ വാർഡിൽ വിജയിച്ച് സ്വതന്ത്ര മുസ്‌ലിം സ്ഥാനാർഥി. ശനിയാഴ്ച പ്രഖ്യാപിച്ച സിവിൽ തെരഞ്ഞെടുപ്പ് ഫലത്തിലാണ് അയോധ്യയിലെ ഒരു വാർഡിൽ മുസ്‌ലിം സ്ഥാനാർഥി ആധികാരിക വിജയം നേടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തെരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്ന സുൽത്താൻ അൻസാരിയാണ് രാം അഭിറാം ദാസ് വാർഡിൽ വിജയിച്ചത്. ഇത് അയോധ്യയിലെ ഹിന്ദു- മുസ്‌ലിം സാഹോദര്യത്തിന്റെയും സമാധാനപരമായ സഹവർത്തിത്വത്തിന്റേയും ഏറ്റവും മികച്ച ഉദാഹരണമാണെന്ന് അന്‍സാരി പ്രതികരിച്ചു. ‘നമ്മുടെ ഹിന്ദു സഹോദരന്മാരിൽ നിന്ന് ഒരു വിവേചനവും ഉണ്ടായില്ല, മാത്രവുമല്ല അവർ എന്നെ മറ്റൊരു മതത്തിൽ നിന്നുള്ള ഒരാളായി കണക്കാക്കുകയും ചെയ്തില്ല. അവർ എന്നെ പിന്തുണയ്ക്കുകയും വിജയം ഉറപ്പ് വരുത്തുകയും ചെയ്തു’- അൻസാരി പറഞ്ഞു.

ഈ വാർഡിലെ മുസ്‌ലിം വോട്ടുവിഹിതം മൊത്തം വോട്ടിന്റെ 11 ശതമാനം മാത്രമാണ്. 3,844 ഹിന്ദുവോട്ടുകൾക്ക് ആകെ 440 മുസ്‌ലിം വോട്ടുകളാണ് ഇവിടെ ഉള്ളത്. ആകെ പോൾ ചെയ്ത 2,388 വോട്ടിന്റെ 42 ശതമാനമാണ് അൻസാരി നേടിയത്. മത്സരിച്ച 10 സ്ഥാനാർഥികളിൽ 996 വോട്ടുകളാണ് അൻസാരിക്ക് ലഭിച്ചത്.

മറ്റൊരു സ്വതന്ത്ര സ്ഥാനാർഥിയായ നാഗേന്ദ്ര മാഞ്ചിയെ 442 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. അതേസമയം, ബിജെപിക്ക് മൂന്നാം സ്ഥാനമാണ് ഇവിടെ ലഭിച്ചത്.

ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് നിന്ന് മത്സരിക്കുന്നതിൽ എന്തെങ്കിലും മടിയുണ്ടോ എന്ന ചോദ്യത്തിന്, ‘ഞാൻ ഈ പ്രദേശത്തെ താമസക്കാരനാണ്. എന്റെ അറിവിൽ, എന്റെ പൂർവികർ 200 വർഷത്തിലേറെയായി ഇവിടെ താമസിക്കുന്നു. എന്റെ ഹിന്ദു സുഹൃത്തുക്കളോട് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അവർ എന്നെ പൂർണമനസോടെ പിന്തുണയ്ക്കുകയും മുന്നോട്ടുപോകാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു’- എന്ന് അന്‍സാരി വ്യക്തമാക്കി.

muslim candidate wins in ayodhya hindu majority ward