05
May 2023
Mon
05 May 2023 Mon

ബംഗളുരു: ബിജെപിയുടെ അടിത്തറയിളക്കി കര്‍ണാടകയില്‍ മികച്ച വിജയംകൈവരിച്ചതിന് പിന്നാലെ ആരെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കണമെന്നതിന് ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനുള്ള യാത്ര റദ്ദാക്കി പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. വയറുവേദനയാണെന്നും എരിച്ചില്‍ അനുഭവപ്പെടുന്നുണ്ടെന്നും അണുബാധയാണെന്നാണ് സംശയിക്കുന്നതെന്നും ഡോക്ടര്‍ ഇപ്പോള്‍ വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മറ്റ് സംഖ്യകളെക്കുറിച്ച് സംസാരിക്കാനുള്ള കരുത്ത് തനിക്കില്ല. എന്റെ കരുത്ത് 135 ആണ്. താന്‍ പാര്‍ട്ടിയുടെ അധ്യക്ഷനുമാണ്. എന്റെ കീഴിലാണ് പാര്‍ട്ടി 135 സീറ്റുകള്‍ നേടിയത്. ഞാന്‍ ഒരു വ്യക്തിയാണ്. എനിക്ക് നമ്പരുകളില്ല. വ്യക്തിപൂജയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ ആരാധിക്കുന്നത് പാര്‍ട്ടിയെ ആണെന്നും ശിവകുമാര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയാവുന്നതിന് എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു. ഡല്‍ഹിയിലേക്ക് പോവുന്നതിനു മുമ്പായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ചില നിയുക്ത എംഎല്‍എമാരും ഡല്‍ഹിയിലേക്ക് പോയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ഡികെ ശിവകുമാര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇരുവര്‍ക്കും തുല്യ സാധ്യതയാണ് കല്‍പിക്കുന്നത്. മുതിര്‍ന്ന നേതാവായ സിദ്ധരാമയ്യ ആദ്യ രണ്ടര വര്‍ഷവും ഡി കെ ശിവകുമാര്‍ രണ്ടാം ടേമിലും മുഖ്യമന്ത്രിയാകുമെന്നുള്ള റിപോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതിനാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ചര്‍ച്ച നടത്തുക.

ബിജെപിക്ക് 66 സീറ്റുകള്‍ മാത്രമാണ് ഇത്തവണ ലഭിച്ചത്. ജെഡിഎസ് 19 സീറ്റുകള്‍ നേടി. ഇതര പാര്‍ട്ടികള്‍ നാലിടത്ത് വിജയിച്ചു. 113 സീറ്റുകളാണ് കേവലഭൂരിപക്ഷം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക