ജിദ്ദ: കൊല്ലം പ്രവാസി സംഗമം ജിദ്ദയുടെ പതിനേഴാമത് വാർഷികം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ വെച്ച് വിപുലമായി ആഘോഷിക്കുന്നു. മേയ് 26 വെള്ളിയാഴ്ച്ച വൈകിട്ട് 5:30 മുതൽ വിവിധ കലാ സാംസ്കാരിക പരിപാടികൾക്ക് തുടക്കമാകും. 6 മണിക്ക് സാംസ്കാരിക സമ്മേളനം ആരംഭിക്കും. ‘കൊല്ലം പ്രവാസോത്സവം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ മുഖ്യ പ്രായോജകർ എഫ് എസ് സി ലോജിസ്റ്റിക്കും, മൾട്ടി സിസ്‌റ്റം ലോജിറ്റിക്സ് ആന്റ് വെയർ ഹൗസുമാണ്.
|
പ്രമുഖ സിനിമ പിന്നണി ഗായകൻ അൻവർ സാദത്ത്, സിനിമ പിന്നണി ഗായികയും നാടൻ പാട്ടുകാരിയുമായ പ്രസീത ചാലക്കുടി, ഗായകൻ മനോജ് എന്നിവർ വാർഷിക ആഘോഷങ്ങൾക്ക് മറ്റ്കൂട്ടാൻ നാട്ടിൽനിന്ന് ജിദ്ദയിൽ എത്തുമെന്ന് കെ പി എസ് ജെ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നാട്ടിൽ നിന്നും എത്തുന്ന അതിഥികളുടെ കലാ പ്രകടനങ്ങൾക്ക് പുറമെ കൊല്ലം പ്രവാസി സംഗമത്തിന്റെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്യ നൃത്തങ്ങൾ, തീം ഡാൻസുകൾ മറ്റു നയന മനോഹരമായ കലാ പരിപാടികളും ഉണ്ടായിരിക്കും. കൂടാതെ ജിദ്ദയിലെ പ്രമുഖ ഗായിക ഗായകൻമാർ എല്ലാവരും പരിപാടിയുടെ ഭാഗമാകും. രാത്രി 12 മണിയോടെ പരിപാടികൾക്ക് സമാപനമാകും.
കെ പി എസ് ജെ പ്രസിഡന്റ് മനോജ് മുരളീധരൻ, ചെയർമാൻ ആന്റ് പ്രോഗ്രാം കൺവീനർ ഷാനവാസ് കൊല്ലം, ജനറൽ സെക്രട്ടറി സാജു രാജൻ, ട്രഷറർ റോബി തോമസ്, വൈസ് പ്രസിഡന്റ് ആന്റ് കൾച്ചറൽ സെക്രട്ടറി ഷാനവാസ് സ്നേഹകൂട്, പ്രോഗ്രാം ജോയിന്റ് കൺവീനർ ഷാഹിർ ഷാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


