30
May 2023
Sat
30 May 2023 Sat

കോഴിക്കോട്: ഹോട്ടൽ വ്യാപാരിയെ കൊലപ്പെടുത്തി വെട്ടിമുറിച്ച് ചുരത്തിൽ തള്ളിയ കേസിൽ പ്രതികളിൽ ഒരാളായ ഫർഹാനയും മുഖ്യപ്രതി ഷിബിലിയും തമ്മിലുള്ളത് വർഷങ്ങളുടെ ബന്ധമെന്ന് യുവതിയുടെ ഉമ്മ. ഫർഹാനയും ഷിബിലിയും തമ്മിൽ ഏഴാം ക്ലാസ് മുതൽ പ്രണയത്തിലായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിന്നീട് 2021ൽ ഷിബിലിക്കെതിരെ ഫർഹാന തന്നെ പോക്‌സോ കേസ് നൽകിയിരുന്നു. തുടർന്ന് ഷിബിലി ജയിലിലായി. പിന്നീട് ഇരുവരും വീണ്ടും പ്രണയത്തിലായെന്നും ഉമ്മ പറഞ്ഞു. റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഫർഹാന ആദ്യമായി കൊല്ലപ്പെട്ട സിദ്ദീഖിനെ പരിചയപ്പെടുന്നത്. ഈ പരിചയത്തിന്റെ ഭാഗമായാണ് ഫർഹാന ഷിബിലിക്ക് ജോലി വാങ്ങി കൊടുക്കുന്നത്.

ഫർഹാന ആരെയും കൊല്ലില്ലെന്ന് ഉമ്മ അവകാശപ്പെട്ടു. ‘ഷിബിലി ചെയ്യിച്ചതാവും എല്ലാം. ഫർഹാനയെ എല്ലാത്തിനും പ്രേരിപ്പിക്കുന്നത് ഷിബിലിയാണ്. ഫർഹാനയെ കടക്കാരിയാക്കിയതും ഷിബിലിയാണ്. മോഷ്ടിക്കാൻ പ്രേരിപ്പിച്ചതും ഷിബിലിയാണ്’- ഉമ്മ പറഞ്ഞു. ഷിബിലിയാണ് ഫർഹാനയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയത്.

ഷിബിലിയുടെ ആധാർ കാർഡുമായി ബന്ധപ്പെട്ട രേഖകൾ ശരിയാക്കാനാണ് ഫർഹാനയെ കൊണ്ടുപോയതെന്ന് ഉമ്മ പറയുന്നു. ഇതല്ലാതെ തങ്ങൾക്ക് കേസുമായി ബന്ധപ്പെട്ട് ഒന്നുമറിയില്ലെന്ന് ഉമ്മ കൂട്ടിച്ചേർത്തു.

അതേസമയം, ഫർഹാനയും ഷിബിലിയും തമ്മിൽ വിവാഹം കഴിക്കാനായി സമീപിച്ചിരുന്നതായി ചളവറ മഹല്ല് കമ്മറ്റി സെക്രട്ടറി പറഞ്ഞു. കഴിഞ്ഞ നോമ്പിന് മുന്നോടിയായി വിവാഹം നടത്താനായിരുന്നു ആവശ്യം. എന്നാൽ ഷിബിലിയുടെ മഹല്ലിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. അതിനാൽ വിവാഹം നടത്തി കൊടുത്തില്ല. മറ്റൊന്നും തങ്ങൾക്ക് അറിയില്ലെന്നും മഹല്ല് കമ്മറ്റി സെക്രട്ടറി ഹസൻ വ്യക്തമാക്കി.

ഈ മാസം 22നാണ് മലപ്പുറം തിരുർ സ്വദേശി സിദ്ദീഖിനെ കാണാനില്ലെന്ന് കാണിച്ച് മകൻ ഹഹദ് പൊലീസിൽ പരാതി നൽകുന്നത്. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് അരുംകൊലയുടെ ചുരുളഴിക്കുന്നത്. ടവർ ലൊക്കേറ്റ് ചെയ്ത് പൊലീസ് ആദ്യം എത്തുന്നത് കോഴിക്കോട് ഇരഞ്ഞിപ്പലത്തെ ഡി കാസ ഹോട്ടലിലാണ്.

ഈ മാസം 18ന് ഈ ഹോട്ടലിൽ രണ്ട് മുറികൾ സിദ്ദീഖ് ബുക്ക് ചെയ്തിരുന്നു. റൂം നമ്പർ നാലിൽ 18ന് രാത്രി സിദ്ദീഖ് കൊല്ലപ്പെട്ടു എന്ന നിഗമനത്തിലാണ് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് സിദ്ദീഖിന്റെ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന ഷിബിലി, ഇയാളുടെ പെൺസുഹൃത്ത് ഫർഹാന എന്നിവരെ ചെന്നൈയിൽ നിന്ന് റെയിൽവേ പൊലീസിന്റെ സഹായത്താടെ പിടികൂടി.

തുടർന്ന് ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മൃതദേഹം അട്ടപ്പാടി ചുരത്തിലെ കൊക്കയിൽ തള്ളിയെന്ന വിവരം ലഭിച്ചത്. കേസിൽ, ഇന്നലെ ഫർഹാനയുടെ മറ്റൊരു സുഹൃത്ത് ആഷിഖിനെയും പൊലീസ് പിടികൂടിയിരുന്നു. നെഞ്ചിനേറ്റ ചവിട്ടാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.

പല വാരിയെല്ലുകളും തകർന്നിട്ടുണ്ട്. തലയിൽ ചുറ്റിക കൊണ്ട് അടിയേറ്റ പാടുമുണ്ട്. ഇലക്ടിക് കട്ടർ കൊണ്ടാണ് ശരീരം മൂന്നായി മുറിച്ചത്. കാലുകളും ഉടലും തലയും വെവ്വേറെയാണ് മുറിച്ചുമാറ്റിയതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശേഷം രണ്ട് ട്രോളി ബാ​ഗുകളിലാക്കി ചുരത്തിൽ തള്ളുകയായിരുന്നു.