30
Jun 2026
Tue
30 Jun 2026 Tue
kerala egg price

ട്രോളിങിന് പിന്നാലെ ആവശ്യക്കാര്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കേരളത്തില്‍ കോഴിമുട്ട വില കുത്തനെ ഉയര്‍ന്നു. വില ഇനിയും ഉയരുമെന്നാണ് വിപണിയില്‍ നിന്നെത്തുന്ന സൂചന. അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് മുട്ടയെത്തുന്നത്. തമിഴ്നാട്ടിലെ ഉള്‍പ്പെടെ ഫാമുകളില്‍ മുട്ട വിലയില്‍ സംഭവിച്ച വര്‍ധനവും കേരളത്തില്‍ പ്രതിഫലിക്കുന്നുണ്ട്. കോഴിമുട്ടയ്ക്ക് പുറമെ താറാവ് മുട്ടയ്ക്കും വില കൂടി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു മുട്ടയ്ക്ക് 9 രൂപ വരെ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ 9 രൂപയ്ക്കുള്ളിലാണ് ഒരു കോഴിമുട്ടയ്ക്ക് വില ഈടാക്കുന്നത്. അത് ഇനിയും ഉയരാനാണ് സാധ്യത. കേരളത്തിലേക്ക് പ്രധാനമായും മുട്ടയെത്തുന്നത് തമിഴ്നാട്ടിലെ നാമക്കലില്‍ നിന്നാണ്. ഇവിടെ ഒരു മുട്ടയ്ക്ക് 33 പൈസ വരെ ഉയര്‍തായി വ്യാപാരികള്‍ പറയുന്നു. നാമക്കലില്‍ അഞ്ചരക്കോടി മുട്ടകളാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. അതില്‍ മൂന്നരക്കോടിയും കേരളത്തിലേക്ക് എത്തുന്നുണ്ട്.

താറാവ് മുട്ടയ്ക്കും പൊള്ളുംവില

കോഴിമുട്ട വില ഉയരുന്നതിന് പുറമെ താറാവ് മുട്ടയുടെ വിലയിലും വര്‍ധനവ് സംഭവിക്കുന്നുണ്ട്. നേരത്തെ പത്ത് രൂപ വിലയുണ്ടായിരുന്ന താറാവ് മുട്ടയ്ക്ക് നിലവില്‍ 15 രൂപ വരെയാണ് വില നല്‍കേണ്ടി വരുന്നത്. എന്നാല്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലേക്ക് മുട്ടയെത്തുമ്പോഴേക്ക് വില ഇതിലും കൂടുതലാകും. മുട്ട വില കൂടിയതോടെ പലയിടങ്ങളിലും താറാവ് മുട്ട കിട്ടാനില്ല.

എന്തുകൊണ്ട് മുട്ടവില ഉയരുന്നു?

ആവശ്യകത വര്‍ധിക്കുന്നത് തന്നെയാണ് മുട്ടവില ഉയരുന്നതിന് പ്രധാന കാരണം. ട്രോളിങ് ആരംഭിച്ചതോടെ മീന്‍ കിട്ടാനില്ലാതായി, ഇത് ആളുകളെ മുട്ട, ഇറച്ചി എന്നിവയിലേക്ക് മാറാന്‍ പ്രേരിപ്പിച്ചു. ട്രോളിങിന് മുമ്പുള്ള മുട്ട, ഇറച്ചി വില്‍പനയേക്കാള്‍ വളരെ കൂടുതലാണ് ഇപ്പോഴുള്ളത്. ട്രോളിങ് അവസാനിക്കും മുമ്പ് മുട്ടവില 10 രൂപയ്ക്കും മുകളിലേക്ക് കടക്കാനുള്ള സാധ്യതയും വ്യാപാരികള്‍ മുന്നോട്ടുവെക്കുന്നു.

ചെലവ് കൂടി വരവ് കുറഞ്ഞു

തമിഴ്നാട്ടിലെ സ്‌കൂളുകളില്‍ ആഴ്ചയില്‍ രണ്ട് ദിവസം മാത്രമായിരുന്നു നേരത്തെയൊക്കെ മുട്ട വിതരണം ചെയ്തിരുന്നത്. എന്നാല്‍ വിജയ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കാര്യങ്ങളെല്ലാം മാറി. സ്‌കൂളുകളില്‍ അഞ്ച് ദിവസവും നിലവില്‍ മുട്ട വിതരണം ചെയ്യുന്നു. ഇത് ഫാമുകളില്‍ ഉത്പാദിപ്പിക്കുന്ന മുട്ട സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചത്. തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനം കേരളത്തിലേക്ക് എത്തുന്ന മുട്ടയുടെ അളവ് കുറച്ചു, ഡിമാന്‍ഡ് ഉയര്‍ന്നിട്ടും ആവശ്യത്തിന് മുട്ടയില്ലാത്തതും വില വര്‍ധനവിന് കാരണമായിട്ടുണ്ട്.

കോഴിത്തീറ്റയുടെ വില വലിയ തോതില്‍ കൂടിയതും വിലവര്‍ധനവിന് കാരണമാണ്. കേരളത്തില്‍ ട്രോളിങ് മൂലം മുട്ടയ്ക്കും മറ്റും ആവശ്യകത വര്‍ധിച്ച സാഹചര്യം മുതലെടുത്ത് തമിഴ്നാട്ടിലെ വ്യാപാരികള്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നതായും ആരോപണം ഉയരുന്നുണ്ട്.