22
Jun 2023
Tue
22 Jun 2023 Tue

ലഖ്നൗ: മുസ്ലിം വിരുദ്ധ ഇൻസ്റ്റഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ഗുജറാത്ത് ടൈറ്റൻസ് പേസർ യാഷ് ദയാൽ. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്നും തന്റെ അറിവില്ലാതെ രണ്ട് പോസ്റ്റുകൾ തന്റെ അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്യപ്പെട്ടുവെന്നും യാഷ് ദയാൽ പറഞ്ഞു. ഇത് സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയതായും ഇൻസ്റ്റഗ്രാം അക്കൗണ്ട് തിരിച്ചെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും യാഷ് ദയാൽ പറഞ്ഞു. പുതിയ വാർത്താകുറിപ്പിലൂടെയാണ് യാഷ് ദയാലിന്റെ വിശദീകരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് എന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പോസ്റ്റ് ചെയ്ത രണ്ട് സ്റ്റോറികളും ഞാൻ ഇട്ടതല്ല. വിഷയം ഞാൻ അധികൃതരെ അറിയിച്ചിട്ടുണ്ട്. മറ്റാരോ അക്കൗണ്ടിന്റെ നിയന്ത്രണം സ്വന്തമാക്കി പോസ്റ്റ് ചെയ്യുകയാണ് എന്നാണ് മനസിലാകുന്നത്. ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ പൂർണനിയന്ത്രണം തിരിച്ചുപിടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ സമുദായങ്ങളെയും ഞാൻ ആദരിക്കുന്നുണ്ട്. ഇന്നു പങ്കുവയ്ക്കപ്പെട്ട ചിത്രം എന്റെ യഥാർത്ഥ വിശ്വാസമല്ല വെളിപ്പെടുത്തുന്നത്.’-കുറിപ്പിൽ താരം വിശദീകരിച്ചു.

ലവ് ജിഹാദ് ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തരത്തിലായിരുന്നു യാഷ് ദയാലിന്റെ വിവാദ ഇൻസ്റ്റഗ്രാം സ്റ്റോറി. മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന കാർട്ടൂൺ സ്റ്റോറിയിൽ പങ്കുവയ്ക്കുകയാണ് ചെയ്തത്. സ്റ്റോറിയുടെ സ്‌ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായി വൈറലാകുകയും താരത്തിനെതിരെ വൻ വിമർശനവും ഉയരുകയും ചെയ്തതോടെയാണ് സ്റ്റോറി പിൻവലിച്ചത്. പിന്നാലെ മാപ്പപേക്ഷയുമായി മറ്റൊരു സ്റ്റോറിയും പോസ്റ്റ് ചെയ്തു.

‘പ്രിയപ്പെട്ടവരേ, ആ സ്റ്റോറിക്ക് മാപ്പുനൽകണം. അബദ്ധത്തിൽ പോസ്റ്റ് ചെയ്തതായിരുന്നു. ദയവായി വിദ്വേഷം പ്രചരിപ്പിക്കരുത്. നന്ദി. എല്ലാ സമൂഹത്തെയും സമുദായങ്ങളെയും ഞാൻ ആദരിക്കുന്നുണ്ട്’-ഇങ്ങനെയായിരുന്നു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച വിശദീകരണ പോസ്റ്റ്. ഇതിന് പുറമെയാണ് വാർത്താ കുറിപ്പും ഇറക്കിയത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റിങ്കു സിങ് ഒരു ഓവറിൽ പറത്തിയ അഞ്ച് സിക്‌സറുകളിലൂടെയാണ് നേരത്തെ യാഷ് ദയാൽ വാർത്തകളിൽ നിറഞ്ഞുന്നത്. ഐ.പി.എല്ലിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായിരുന്നു ഇത്. ഗുജറാത്തിനെതിരെ കൊൽക്കത്തയ്ക്ക് അവസാന ഓവറിൽ ജയിക്കാൻ 29 റൺസ് വേണ്ട സമയത്താണ് യാഷ് ദയാൽ പന്തെറിഞ്ഞത്. ഓവറിൽ അഞ്ച് സിക്‌സർ പറത്തി റിങ്കു ടീമിനെ വിജയത്തിലേക്ക് നയിക്കുകയുംചെയ്തു.