23
Jun 2023
Tue
23 Jun 2023 Tue

ബെയ്ജിങ്: ഓസ്‌ട്രേലിയക്കെതിരായ സൗഹൃദ ഫുട്‌ബോൾ മത്സരത്തിനായി ചൈനയിലെത്തിയ അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ ബെയ്ജിങ് വിമാനത്താവളത്തിൽ തടഞ്ഞ് സുരക്ഷ അധികൃതർ. പാസ്പോർട്ടുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പമാണ് താരത്തിന് മോശം അനുഭവമുണ്ടാക്കിയത്. 30 മിനിട്ടിന് ശേഷം പ്രശ്നങ്ങൾ പരിഹരിച്ചതോടെയാണ് മെസ്സിക്കും സംഘത്തിനും വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൈനീസ് വിസയില്ലാതെ എത്തിയതാണ് പ്രശ്നങ്ങൾക്കു കാരണമായത്. ചൈനീസ് വിസയുള്ള അർജന്റീന പാസ്പോർട്ട് മെസ്സി കൈയിൽ കരുതിയിരുന്നില്ല. പകരം, വിസയില്ലാത്ത സ്പാനിഷ് പാസ്പോർട്ട് ആണ് കൊണ്ടുവന്നിരുന്നത്. ഇതേതുടർന്നാണ് വിമാനത്താവളത്തിൽ ചൈനീസ് ബോർഡർ പൊലീസ് തടഞ്ഞുവച്ചത്. വിമാനത്താവളത്തിൽ ഇറങ്ങിയ സമയത്ത് സുരക്ഷാ ജീവനക്കാർ പാസ്പോർട്ട് പരിശോധിക്കുമ്പോഴായിരുന്നു ചൈനീസ് വിസയില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി പ്രവേശനം തടയുകയായിരുന്നു. തുടർന്ന് അരമണിക്കൂറോളം വിമാനത്താവളത്തിൽ കുടുങ്ങി. പിന്നീട് അധികൃതർ ഇടപെട്ട് പ്രവേശന വിസ അനുവദിക്കുകയായിരുന്നു.

പൊലീസുകാർക്കിടയിൽ പാസ്പോർട്ട് പിടിച്ചുനിൽക്കുന്ന മെസ്സിയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പി.എസ്.ജി വിട്ട് ഇന്റർ മയാമിയിൽ ചേരുന്നതായുള്ള പ്രഖ്യാപനം വന്ന ശേഷമാണ് മെസ്സി ചൈനയിലെത്തുന്നത്. ജൂൺ 15ന് ബെയ്ജിങ്ങിലെ വർക്കേഴ്സ് സ്റ്റേഡിയത്തിലാണ് അർജന്റീന-ആസ്ത്രേലിയ സൗഹൃദമത്സരം. ഇതിനുശേഷം നാട്ടിൽ ഇന്തോനേഷ്യയുമായും മത്സരമുണ്ട്.