ജിദ്ദ: ജിദ്ദയിലെ പത്തിലധികം സംഘടനകളുടെ കൂട്ടായ്മയായ ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐവ) യുടെ വളന്റിയർമാർ ഹജ്ജിന്റെ പുണ്യ സ്ഥലങ്ങളിൽ വ്യത്യസ്തങ്ങളായ സേവന പ്രവർത്തനങ്ങളിൽ വനിത വളന്റിയർമാർ അടക്കം സജീവമായി സേവന രംഗത്തിറങ്ങി. അറഫാ ദിനത്തിൻറെ തലേദിവസം തന്നെ മക്കയിലെ ‘ഐവ’ വളന്റിയർമാർ അറഫയിൽ സജീവമായിരുന്നു. ഹജ്ജിന് മുമ്പ് മക്കയിൽ വച്ച് മരണപ്പെട്ട കേരള ഹാജിമാരുടെ ജനാസ മറവു ചെയ്യുന്നതിലും ‘ഐവ’ വളന്റിയർമാർ സാധ്യമായ സഹായങ്ങൾ ചെയ്തിരുന്നു.
|
ഹാജിമാർ കൂട്ടമായി എത്തിച്ചേരുന്ന ഏരിയകളായ ജമ്രകൾ, മുത്തവ്വഫ്മാരുടെ തമ്പുകൾ, മിനയിലെ പ്രധാന നഗരികളിലെ ജങ്ഷനുകൾ, ആശുപത്രികൾ തുടങ്ങിയ ഭാഗങ്ങളിൽ വളന്റിയർ ക്യാപ്റ്റൻ റിദ്വാൻ അലി, ഫൈസൽ അരിപ്ര, ഷറഫുദ്ദീൻ മേപ്പാടി എന്നിവരുടെ നേതൃത്വത്തിലാണ് വളന്റിയർ സേവനം സജീവമാക്കിയത്.
ഹജ്ജിന് മുമ്പ് അസീസിയ താമസകേന്ദ്രങ്ങളിൽ ഭക്ഷണകിറ്റുകൾ, പച്ചക്കറി കിറ്റുകൾ എന്നിവകളും ഹജ്ജിൻറെ മൂന്ന് ദിവസങ്ങളിൽ കുടിവെള്ളം, ജ്യൂസുകൾ, റഫറസ്മെൻറ്കിറ്റ് തുടങ്ങിയവ ആയിരക്കണക്കിനു ഹാജിമാർക്ക് ഹാരിസ് കരുവമ്പൊയിൽ, ഷഹീൻ തിരുവനന്തപുരം, ഇബ്രാഹീം , അബൂബക്കർ വടക്കാങ്ങര, മെഹബൂബ് എന്നിവരുടെ നേതൃത്വത്തിലാണ് വിതരണം നടത്തിയത്.
രോഗികളെ ആശുപത്രികളിലെത്തിക്കാനും അവശരായവരെ അവരുടെ തമ്പുകളിൽ എത്തിക്കാനും ശംസുദ്ധീൻ കരുവാരക്കുണ്ട് എം.എ.ആർ, ലിയാഖത്ത് കോട്ട, തുടങ്ങിയവരുടെ കീഴിലുള്ള വളന്റിയർമാർ വീൽചെയർ സേവനവും യഹയ മേലാറ്റൂർ, ഹനീഫ പറക്കല്ലിൽ എന്നിവർ അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള മരുന്നുകളും സൗജന്യമായി ലഭ്യമാക്കി.
മിനയുടെയും അസീസിയയുടെയും ലൊക്കേഷൻ മാപ്പുകളുടെ സഹായത്തോടെ വഴിയറിയാതെ പ്രയാസപ്പെടുന്ന ഹാജിമാരെ സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കാൻ ഇസ്മായിൽ ചെമ്മങ്കടവ്, ശിഹാബ് ചവറ, അമാനുള്ള പൊന്നാനി, നാസർ പറപ്പൂർ എന്നിവരുടെ കീഴിലുള്ള വളണ്ടിയർമാർക്ക് കൃത്യമായി നിർവ്വഹിക്കാൻ സാധിച്ചു. അസീസിയയിൽ സജ്ജമാക്കിയ വളണ്ടിയർ കേമ്പ് ഇൻ-ചാർജ്ജ് അൻവർ വടക്കാങ്ങരയുടെ നേതൃത്വത്തിൽ ജരീർ വേങ്ങര (രജിസ്ട്രേഷൻ) നൗഷാദ് ഓച്ചിറ (ഭക്ഷണം), ജാഫർ ചെങ്ങാനി, കരീം മഞ്ചേരി, നജമുദ്ധീൻ, ഹനീഫ ബെരിക്ക (ലോജിസ്റ്റ്ക്ക്) തുടങ്ങിയ വകുപ്പുകളുടെ ഉത്തരവാദിത്തം നിർവഹിച്ചു.
ഇന്ത്യയിൽ നിന്നും ഹാജിമാരുടെ വരവ് തുടങ്ങിയത് മുതൽ ജിദ്ദ എയർപോർട്ടിലും അസീസിയ താമസ കേന്ദ്രങ്ങളിലും ‘ഐവ’ വളണ്ടിയർമാർ രംഗത്തിറങ്ങിയപോലെ അവർ തിരിച്ചുപോകുന്ന ദിവസങ്ങളിലും സേവനപ്രവർത്തനങ്ങൾ തുടരുന്നതാണ്. സലാഹ് കരാടൻ, നാസർ ചാവക്കാട്, ദിലീപ് താമരക്കുളം, അബ്ബാസ് ചെങ്ങാനി എന്നിവർ ഹജ്ജ് സർവീസ് ഓപറേഷന് മേൽനോട്ടം വഹിച്ചു.


