28
Jul 2023
Fri
28 Jul 2023 Fri

കൊച്ചി: ജാമ്യം ഇളവ് അവസാനിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ആരോഗ്യാവസ്ഥയില്‍ മാറ്റമില്ലാതെ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി. പിതാവിനെ കാണാനാണ് കേരളത്തിലെത്തിയതെങ്കിലും, ജാമ്യ ഇളവ് സമയം കഴിയുന്ന ഇന്ന് പിതാവാനെ കാണാതെ മഅ്ദനി ബംഗളൂരുവിലേക്ക് തന്നെ മടങ്ങും. പത്തുദിവസത്തിലേറെയായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ കഴിയുന്ന മഅ്ദനിക്ക് ഡോക്ടര്‍മാര്‍ യാത്ര വിലക്കിയതോടെയാണ് പിതാവിനെ കാണാന്‍ കഴിയാതെ മടങ്ങേണ്ടി വന്നത്. ആരോഗ്യാവസ്ഥ കണക്കിലെടുത്ത് ബംഗളൂരു യാത്രയും മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നു രാത്രി 9.30നുള്ള ഇന്‍ഡിഗോ വിമാനത്തിലാകും മഅ്ദനിയുടെ ബംഗളൂരുവിലേക്കുള്ള മടക്കം. ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍നിന്ന് വൈകീട്ട് അഞ്ചിനു പുറപ്പെടും. കര്‍ണാടക പൊലീസ് സംഘവും മടക്കയാത്രയില്‍ കൂടെയുണ്ടാകും.

ജൂണ്‍ 26ന് വൈകീട്ട് വിമാനമാര്‍ഗമാണ് മഅ്ദനി കൊച്ചിയിലെത്തിയത്. ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ 12 ദിവസത്തെ ഇളവിലാണ് അബ്ദുല്‍ നാസര്‍ മഅ്ദനി കേരളത്തിലെത്തിയത്. അവിടെനിന്ന് അന്‍വാര്‍ശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടെ ആരോഗ്യസ്ഥിതി മോശമായി. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജാമ്യ ഇളവ് ലഭിച്ച 11 ദിവസവും കൊച്ചിയില്‍ ചികിത്സയിലായിരുന്നു മഅ്ദനി. ഗുരുതരാവസ്ഥയില്‍ കഴിയുന്ന പിതാവിനെ കൊച്ചിയില്‍ എത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ഇതിന് പിന്നാലെയാണ് പിതാവിനെ കാണാനുള്ള ആഗ്രഹം പൂര്‍ത്തീകരിക്കാനാകാതെ ബംഗളൂരുവിലേക്കു തന്നെ തിരികെ മടങ്ങേണ്ടിവരുന്നത്.