22
Jul 2023
Sat
22 Jul 2023 Sat

മലപ്പുറം: കേരളത്തില്‍ കായികതാരങ്ങള്‍ക്ക് പരിശീലിക്കാനുള്ള മതിയായ സൗകര്യങ്ങള്‍ ഇല്ലെന്ന പരാമര്‍ശത്തില്‍ ഖേദമില്ലെന്നും ഉറച്ചുനില്‍ക്കുന്നുവെന്നും മോഹന്‍ ബഗാന്റെ ദേശീയ താരവും മലയാളിയുമായ ആഷിഖ് കുരുണിയന്‍. അര്‍ജന്റീനയെ പോലുള്ള വന്‍കിട രാജ്യങ്ങളെ കോടികള്‍ മുടക്കി കേരളത്തിലേക്ക് എത്തിക്കുന്നതിന് പകരം ഇവിടെ ഫുട്‌ബോളിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ് വേണ്ടതെന്ന പ്രതികരണം ചര്‍ച്ചയായതോടെയാണ് വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരണവുമായി ആഷിഖ് രംഗത്തുവന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഷിഖിന്റെ കുറിപ്പ് ഇങ്ങനെ:
‘രണ്ട് ദിവസം മുന്‍പ് സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ അഭിപ്രായങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്നതിനാല്‍ അവ വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പറഞ്ഞത് ഹൃദയത്തില്‍ നിന്നുള്ളതാണ്. അതില്‍ ഞാന്‍ ഖേദിക്കുന്നില്ല. വേണമെങ്കില്‍ വീണ്ടും പറയും’, ആഷിഖ് പറയുന്നു.

തന്റെ ചെറുപ്പകാലത്ത് അത്ര കഴിവുള്ള ഫുട്‌ബോള്‍ കളിക്കാരന്‍ ആയിരുന്നില്ലെന്ന് പറയാന്‍ ഒരു മടിയുമില്ല. തന്റെ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നതുകൊണ്ടാണ് ഈ നിലയില്‍ എത്താനായത്. തന്നെക്കാള്‍ മികച്ച താരങ്ങള്‍ ഉണ്ടായിരുന്നു. സൗകര്യങ്ങളോ പരിശീലനമോ അവസരങ്ങളോ ലഭിക്കാത്തതുകൊണ്ട് അവര്‍ക്ക് പാതിവഴിയില്‍ സ്‌പോര്‍ട്‌സ് ഉപേക്ഷിക്കേണ്ടിവന്നു. നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.

മലപ്പുറത്തെ ഗ്രൗണ്ടുകളുടെ എണ്ണം പറഞ്ഞും പലരും പ്രതികരിച്ചിരുന്നു. ഈ ഗ്രൗണ്ടുകളില്‍ മിക്കതിലും പോയിട്ടുള്ളതിനാല്‍ മലപ്പുറത്ത് നിരവധി ഗ്രൗണ്ടുകളുണ്ടെന്ന് തനിക്ക് അറിയാം. പക്ഷേ, ഇതില്‍ എത്രയെണ്ണം വര്‍ഷം മുഴുവന്‍ പരിശീലനത്തിന് യോഗ്യമാണെന്ന് ആഷിഖ് ചോദിച്ചു. ഗ്രൗണ്ടുകള്‍ ഒരു ടൂര്‍ണമെന്റിന് സജ്ജമാക്കിയാലും അതിന് ശേഷം പരിപാലനം ഇല്ലാതെ പശുക്കള്‍ വരെ മേയുമെന്നുള്ളതാണ് സത്യം.

ഇപ്പോള്‍ അധികാരത്തിലുള്ളതോ മുമ്പ് അധികാരത്തിലുണ്ടായിരുന്നതോ ആയ സര്‍ക്കാരുകള്‍ക്കെതിരെ തനിക്ക് വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ലെന്നും ആഷിഖ് വ്യക്തമാക്കി. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ദീര്‍ഘകാല ഭാവിക്ക് ഗുണം ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ധാരാളം പണം ചെലവഴിക്കേണ്ടതില്ല എന്നാണ് അഭിപ്രായം. മെസ്സി ഇന്ത്യയില്‍ ഫുട്‌ബോള്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, അതിനെക്കാള്‍ തന്റെ സംസ്ഥാനത്തെ കുട്ടികള്‍ ദേശീയ ടീമിനായി കളിക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നത്- ആഷിഖ് പറഞ്ഞു.