30
Jul 2023
Thu
30 Jul 2023 Thu

ന്യൂഡല്‍ഹി: കനത്തമഴയില്‍ ഡല്‍ഹിയില്‍ യമുനാ നദി കര കവിഞ്ഞൊഴുകിയതോടെ രാജ്യതലസ്ഥാനം പ്രളയ ഭീതിയില്‍. ജലനിരപ്പ് പരാമവധി പരിധിയായ 208 മീറ്ററും കടന്നതോടെയാണ് നദി കര കവിഞ്ഞൊഴുകിയത്. നിലവില്‍ 208. 13 മീറ്ററാണ് ജലനിരപ്പ്. 44 വര്‍ഷത്തിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ ജലനിരപ്പാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എട്ടുമണിക്കും 10 മണിക്കും ഇടയില്‍ ജലനിരപ്പ് വീണ്ടും ഉയരുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശിച്ചു. യമുന കര കവിഞ്ഞൊഴുകിയതോടെ യമുന ഖാദര്‍ റാം മന്ദിറിന് സമീപം 200ല്‍ അധികം പേര്‍ കുടുങ്ങി. കശ്മീരി ഗേറ്റിലേക്കുള്ള റോഡിലേക്കും ഭൈറോണ്‍ മാര്‍ഗിലും വെള്ളം ഒഴുകിയെത്തി. മജ്‌നു കാടിലയില്‍ വീടുകളിലും കടകളിലും വെള്ളം കയറിയിട്ടുണ്ട്.

യമുനയിലെ ജലനിരപ്പ് രാത്രിയില്‍ കൂടുതല്‍ ഉയര്‍ന്നതോടെ വീടുകളും റോഡുകളും വെള്ളത്തിനടിയിലായിരിക്കുകയാണ്. സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഹരിയാനയിലെ ഹത്‌നികുണ്ഡ് ബാരേജ് നദിയിലേക്ക് വെള്ളം തുറന്നുവിടുന്നത് തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാനാണ് സാധ്യത. ഇതിനോടകം തന്നെ തീരപ്രദേശങ്ങളിലേക്ക് വെള്ളം കടന്നു കഴിഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ 12 ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.

ബാരേജില്‍ നിന്നുള്ള വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ബാരേജില്‍ നിന്ന് അധിക വെള്ളം തുറന്നുവിടേണ്ടതുണ്ട് എന്നാണ് കേന്ദ്രം മറുപടി നല്‍കിയത്.