02
Jul 2023
Fri
02 Jul 2023 Fri

വിനായകനെതിരെ കേസ് വേണ്ടെന്ന് ചാണ്ടി ഉമ്മന്‍; അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ കേസിന് അനുവദിക്കില്ലെന്നും മകന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം: ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ച സംഭവത്തില്‍ നിയമനടപടി നേരിടുന്ന നടന്‍ വിനായകിനെതിരേ കേസ് വേണ്ടെന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. കേസ് എടുക്കേണ്ടെന്ന് പിതാവുണ്ടായിരുന്നെങ്കില്‍ അദ്ദേഹവും ഇതാകും പറയുകയെന്നും അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മന്‍ ചാണ്ടിയും കാണുകയെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. വിനായകന്റെ വീടിനു നേരെ ആക്രമണം ഉണ്ടാവുകയും അധിക്ഷേപത്തില്‍ കൊച്ചി പോലീസ് കേസെടുക്കുകയും ചെയ്തതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം.

ഉമ്മന്‍ ചാണ്ടിയുടെ വിലാപയാത്രയ്ക്കിടെ ആയിരുന്നു ഫെയ്‌സ്ബുക് ലൈവിലൂടെ വിനായകന്റെ പരാമര്‍ശം. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി തുടങ്ങിയ ആരോപണങ്ങളാണ് ഫെയ്‌സ്ബുക് ലൈവിലെത്തി വിനായകന്‍ പറഞ്ഞത്. വിനായകന്റെ ലൈവിനു പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ നടന്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

കലൂര്‍ സ്റ്റേഡിയത്തിനു പിന്നിലെ സ്റ്റേഡിയം ലിങ്ക് റോഡിലെ ഫ്‌ലാറ്റിലെത്തിയ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. വൈകിട്ട് നാലു മണിയോടെയായിരുന്നു ആക്രമണം. വിനായകന്റെ ഫ്‌ലാറ്റിന്റെ ചില്ല് അടിച്ചു തകര്‍ക്കുകയും വാതില്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതേസമയം, സംഭവത്തില്‍ വിനായകനെ ഇന്നു പൊലീസ് ചോദ്യം ചെയ്‌തേക്കും.