‘മരുമകനെ സംശയമില്ല; അനുഷ ആശുപത്രിയില്‍ വന്നത് അരുണ്‍ ഇല്ലാത്തപ്പോള്‍; മകള്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിനെന്നും സ്‌നേഹയുടെ അച്ഛന്‍
|
പത്തനംതിട്ട: പ്രസവിച്ചു കിടന്ന മകള്‍ സ്‌നേഹയെ നഴ്‌സിന്റെ വേഷത്തില്‍ എത്തി കുത്തിവയ്പ്പിലൂടെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ മരുമകനെ സംശയമില്ലെന്ന് പ്രതികരിച്ച് സ്‌നേഹയുടെ അച്ഛന്‍ സുരേഷ്. ഭാര്യ കണ്ടതുകൊണ്ടുമാത്രമാണ് മകള്‍ രക്ഷപ്പെട്ടത്. എങ്ങനെയാണ് പ്രതിയായ അനുഷ റൂമിലെത്തിയതെന്ന് അറിയില്ലെന്നും സുരേഷ് പറഞ്ഞു. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ച ശേഷം കിടക്കുന്നതിനിടെ നഴ്‌സിന്റെ വേഷത്തിലെത്തി കുത്തിവയ്പ്പിലൂടെ കൊലപ്പെടുത്താനെത്തിയ കായംകുളം സ്വദേശി അനുഷ (25) പിടിയിലായ സാഹചര്യത്തിലാണ് സുരേഷിന്റെ പ്രതികരണം. സ്‌നേഹയുടെ ഭര്‍ത്താവ് അരുണിന്റെ മുന്‍ കാമുകിയാണ് അനുഷ.
തനിക്കൊന്ന് കുഞ്ഞിനെയും ഭാര്യയെയും കാണണമെന്ന് അനുഷ അരുണിനോട് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ അനുഷയോട് ആശുപത്രിയില്‍ വന്നുകാണാനും പറഞ്ഞു. എന്നാല്‍ അരുണ്‍ ഇല്ലാത്ത സമയത്താണ് ആശുപത്രിയില്‍ എത്തിയത്. മുന്‍പ് അനുഷയെ കണ്ടിട്ടുണ്ടെങ്കിലും മാസ്‌ക് വച്ചിരുന്നതിനാല്‍ മനസിലായില്ലെന്നും പിതാവ് പറഞ്ഞു.
വൈകിട്ട് മൂന്നുമണിയോടെ നഴ്‌സിന്റെ ഓവര്‍കോട്ട് ധരിച്ചാണ് യുവതി മുറിയിലെത്തിയത്. റുമിലെത്തിയതിന് പിന്നാലെ കുത്തിവയ്‌പ്പെടുക്കാന്‍ നിര്‍ബന്ധിച്ചു. ഡിസ്ചാര്‍ജ് ചെയ്തതിനാല്‍ ഇനി എന്തിനാണ് കുത്തിവയ്‌പ്പെന്ന് അവളുടെ അമ്മ ചോദിച്ചു. ഒരു കുത്തിവയ്പ് കൂടിയുണ്ടെന്ന് പറഞ്ഞ് സ്‌നേഹയുടെ കയ്യില്‍ ബലമായി പിടിച്ച് സിറിഞ്ച് കുത്താന്‍ ശ്രമിക്കുകയായിരുന്നു. ഭാര്യ ബഹളം വച്ചതോടെ ആശുപത്രി ജീവനക്കാരെത്തിയാണ് അനുഷയെ പിടിച്ചുമാറ്റിയത്.
അതേസമയം, യുവതിയുടെ ഭര്‍ത്താവ് അരുണിനൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണു കുറ്റകൃത്യം ചെയ്യാന്‍ ശ്രമിച്ചതെന്ന് പ്രതി അനുഷ പൊലീസില്‍ മൊഴിനല്‍കി. അനുഷയും അരുണും തമ്മിലുള്ള വാട്‌സാപ് സന്ദേശങ്ങളും പൊലീസിനു ലഭിച്ചു. പ്രതി അനുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
നഴ്‌സിന്റെ വേഷത്തിലെത്തിയതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്നു പൊലീസ് വ്യക്തമാക്കി. രണ്ടുതവണ വിവാഹിതയായ അനുഷ അരുണുമായി അടുപ്പത്തിലായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് അരുണിന്റെ പങ്ക് പൊലീസ് അന്വേഷിച്ചു വരികയാണ്.
എയര്‍ എംപോളിസം എന്ന മാര്‍ഗത്തിലൂടെ കൊലപാതകം നടത്താനാണ് പ്രതിയായ അനുഷ ആസൂത്രണം ചെയ്തത്. രക്തധമനികളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്നതാണ് എയര്‍ എംബോളിസം. രക്തചംക്രമണത്തിലേക്ക് വായു പ്രവേശിക്കുന്നതോടെ മരണം വരെ സംഭവിക്കാവുന്നതാണ് ഇത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





