സ്വകാര്യ രക്തബാങ്കുകള്‍ക്ക് വേണ്ടി ‘രക്ത കച്ചവടം’ നടത്തി കോഴഞ്ചേരി ജില്ലാ ആശുപത്രി; സംഭവം ആരോഗ്യമന്ത്രിയുടെ നാട്ടില്‍
|
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ മണ്ഡലത്തിലുള്ള കോഴഞ്ചേരി ജില്ലാ ആശുപത്രി സ്വകാര്യ രക്ത ബാങ്കുകള്‍ക്ക് വേണ്ടി രക്ത കച്ചവടം നടത്തുന്നുവെന്ന ഗുരുതര ആരോപണം. ഗവ. ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയയ്ക്ക് എത്തുന്ന ഗര്‍ഭിണികളെ ഉള്‍പ്പെടെ സ്വകാര്യ രക്തബാങ്കുകളിലേക്ക് പറഞ്ഞുവിട്ടാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ രക്ത ബിസിനസ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം 359 പേരെയാണ് രക്തം ക്രോസ്മാച്ചിങ് ചെയ്യാന്‍ തൊട്ടടുത്തുള്ള മുത്തൂറ്റ് ആശുപത്രിയിലേക്ക് വിട്ടത്. ക്രോസ് മാച്ചിങും രക്തം ആവശ്യമായി വന്നാല്‍ അതും സൗജന്യമായി ലഭ്യമാക്കാന്‍ സൗകര്യമുള്ളപ്പോഴാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ കള്ളക്കളി.
പത്തനംതിട്ടയിലെ മദര്‍ ബ്ലഡ് ബാങ്കില്‍ നിന്നും കോഴഞ്ചേരിയിലെ ബ്ലഡ് സംഭരണ ബാങ്കിലേക്ക് ആവശ്യമായ രക്തം സൗജന്യമായി നല്‍കാന്‍ സംവിധാനമുണ്ട്. എന്നാല്‍ ഈ സൗകര്യം ഉപയോഗപ്പെടുത്താതെ സ്വകാര്യ ആശുപത്രിയിലെ മദര്‍ ബ്ലഡ് ബാങ്കില്‍ നിന്ന് മൂവായിരത്തോളം രൂപ കൊടുത്ത് രക്തം വാങ്ങാന്‍ രോഗികളുടെ ബന്ധുക്കളെ നിര്‍ബന്ധിതരാക്കുകയാണ് ചെയ്ത് വന്നിരുന്നത്.
പ്രസവ ചികിത്സയ്ക്കായി നിരവധി സാധാരണക്കാരായ രോഗികള്‍ ആശ്രയിക്കുന്ന പത്തനംതിട്ട ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആതുരാലയമാണ് കോഴഞ്ചേരി ജില്ലാ ആശുപത്രി. സിസേറിയന്‍ നിര്‍ദേശിക്കുന്ന ഗര്‍ഭിണികളുടെ രക്തം ആദ്യം ക്രോസ് മാച്ചിങ് ചെയ്യണം. പിന്നീട് രക്തം ആവശ്യമായി വന്നാല്‍ അധികം ദൂരെയല്ലാത്ത പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ നിന്ന് ലഭ്യമാക്കും. ഈ സേവങ്ങളെല്ലാം സൗജന്യമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ജില്ലാ ആശുപത്രിലെ ഗൈനക്കോളജി വിഭാഗം, സ്വകാര്യ രക്തബാങ്കുകള്‍ക്കായി രക്ത കച്ചവടം നടത്തി പണം കൊയ്യുകയാണെന്നാണ് ആരോപണം.
കഴിഞ്ഞ വര്‍ഷം 16 പേര്‍ മാത്രമാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ രക്തം ക്രോസ് മാച്ചിങ് ചെയ്തത്. എന്നാല്‍, തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് ഈ പരിശോധനയ്ക്ക് പറഞ്ഞുവിട്ടവരുടെ എണ്ണം 359 ആണ്. ഇതില്‍ 30 പേര്‍ രക്തം അവിടെ നിന്ന് പണം കൊടുത്തു വാങ്ങി. ഈ വര്‍ഷം ജൂണ്‍ വരെയുള്ള കണക്ക് നോക്കിയാല്‍, കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ വെറും 18 പേര്‍ മാത്രമാണ് രക്തം ക്രോസ് മാച്ചിങ് ചെയ്തത്. എന്നാല്‍, 123 പേരെയാണ് സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടത്. സൗജന്യമായി നടക്കേണ്ട ക്രോസ് മാച്ചിങ് പരിശോധനയ്ക്ക് സ്വകാര്യ ആശുപത്രിയില്‍ നല്‍കേണ്ടത് 900 രൂപയാണ്. രക്തം വാങ്ങിയാല്‍ 3,000 രൂപയും നല്‍കണം.
സ്വകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള കമ്മീഷന്‍ ഏര്‍പ്പാടാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നടക്കുന്നതെന്നാണ് ആരോപണം. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ അഴിമതികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വിജിലന്‍സും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോഴഞ്ചേരി മണ്ഡലം കമ്മറ്റി ആശുപത്രിക്ക് മുന്നിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് പ്രെഫ. സതീഷ് കൊച്ചു പറമ്പില്‍ ഉത്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമോന്‍ പുതുപ്പറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും രോഗികളോടുള്ള പെരുമാറ്റം പ്രമേയമാക്കിയ തെരുവ് നാടകവും അരങ്ങേറി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





