28
Aug 2023
Tue
28 Aug 2023 Tue

ഏക സിവില്‍ കോഡിനെതിരെ ഇന്ന് നിയമസഭയില്‍ പ്രമേയം; വിഷയത്തില്‍ പ്രമേയം പാസ്സാക്കുന്ന ആദ്യ സംസ്ഥാനമാകാന്‍ കേരളം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: ഏക സിവില്‍ കോഡ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിക്കുക. ചട്ടം 118 പ്രകാരമാണ് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിക്കുക. പ്രതിപക്ഷവും പ്രമേയത്തെ പിന്തുണയ്ക്കുന്നതോടെ പ്രമേയം ഏകകണ്ഠമായി പാസാക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ സിപിഎമ്മും സിപിഐയും കോണ്‍ഗ്രസും മുസ്ലിം ലീഗും അടക്കമുള്ള കക്ഷികളെല്ലാം നേരത്തെ തന്നെ എതിര്‍ത്തിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിനെ നിലപാട് അറിയിക്കുന്നതിനായി നിയമസഭയില്‍ പ്രമേയം കൊണ്ടുവരുന്നത്. ബി.ജെ.പിക്ക് സഭയില്‍ അംഗങ്ങളില്ലാത്തതിനാല്‍ ഏകസിവില്‍കോഡിനെതിരേ ഐകകണ്ഡ്യേന പ്രമേയം പാസ്സാക്കുന്ന ഏകസംസ്ഥാനമാകും കേരളം. വിഷയത്തില്‍ പ്രമേയം പാസ്സാക്കുന്ന ആദ്യ സംസ്ഥാനവും കേരളം തന്നെ.

പ്രമേയത്തിന്മേല്‍ പൊതു ചര്‍ച്ച ഉണ്ടായിരിക്കില്ല. അംഗങ്ങള്‍ക്ക് ഭേദഗതികള്‍ നിര്‍ദേശിക്കാം. ഏക സിവില്‍ കോഡിനെതിരെയുള്ള പ്രക്ഷോഭത്തില്‍ സഭയ്ക്ക് പുറത്ത് ഒരേ വേദിയില്‍ എത്താനാകാത്ത എല്‍ഡിഎഫിനും യുഡിഎഫിനും സഭയ്ക്കുള്ളില്‍ യോജിച്ച നിലപാട് സ്വീകരിക്കാന്‍ പ്രമേയ അവതരണം അവസരമാകും. ഏക സിവില്‍ കോഡ് വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്നും മതസംഘടനകളില്‍ നിന്നും ദേശീയ നിയമ കമ്മിഷന്‍ അഭിപ്രായം തേടിയിരുന്നു.