02
Aug 2023
Sat
02 Aug 2023 Sat

ഹരിയാനയില്‍ ബുള്‍ഡോസറുകള്‍ തകര്‍ത്ത ‘അനധികൃത’ വീടുകള്‍ സര്‍ക്കാര്‍ പദ്ധതിക്ക് കീഴില്‍ നിര്‍മിച്ചവ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നൂഹ്: ഹരിയാനയില്‍ കലാപത്തില്‍ പങ്കുള്ളവരുടെതെന്ന് ആരോപിച്ച് തകര്‍ക്കപ്പെട്ടവയില്‍ സര്‍ക്കാര്‍ പദ്ധതിക്ക് കീഴില്‍ നിര്‍മിച്ച വീടുകളും. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഇന്ദിര ആവാസ് യോജനപ്രകാരമുള്ള പത്തിലധികം വീടുകളെങ്കിലും ഇത്തരത്തില്‍ ‘അനധികൃതം’ എന്ന് പറഞ്ഞ് നൂഹ് ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതായി എന്‍.ഡി.ടി.വിയാണ് റിപ്പോര്‍ട്ട്‌ചെയ്തു. ഇതോടെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതെല്ലാം അനധികൃതമായി ഉണ്ടാക്കിയതാണെന്ന സര്‍ക്കാര്‍ അവകാശവാദമാണ് പൊളിയുന്നത്. പദ്ധതിക്ക് കീഴിലാണ് ഇത് നിര്‍മിച്ചതെന്ന് തകര്‍ക്കപ്പെട്ട വീടുകളുടെ ചുമവരില്‍ എഴുതിവച്ചിരുന്നു. എന്നാല്‍ ഈ ചുമരുള്‍പ്പെടെ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു.

അതേസമയം, വി.എച്ച്.പിയുടെ യാത്രയ്ക്ക് പിന്നാലെ രൂക്ഷമായ വര്‍ഗീയ കലാപമുണ്ടായ ഹരിയാനയിലെ നൂഹില്‍ ഭീതിയിലായ മുസ് ലിംകള്‍ക്ക് ആശ്വാസവുമായി കര്‍ഷക മഹാപാഞ്ചായത്ത്. സമാധാനത്തിന് ആഹ്വാനംചെയ്ത പഞ്ചായത്ത്, തീവ്രഹിന്ദുത്വവാദിയും ഗോരക്ഷാ ക്രിമിനലുമായ മോനു മനേസറെ അറസ്റ്റ്‌ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഹരിയാനയില്‍ വര്‍ഗീയ സംഘര്‍ഷത്തിനിടയാക്കിയത് മോനുമനേസറിന്റെ സാന്നിധ്യമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പഞ്ചായത്ത് ഇക്കാര്യം ആവശ്യപ്പെട്ടത്.
കഴിഞ്ഞദിവസമാണ് ഹരിയാനയിലെ വിവിധ ഖാപ്, കര്‍ഷക സംഘടനകള്‍, മത നേതാക്കള്‍ എന്നിവര്‍ ഹിസാറില്‍ മഹാപഞ്ചായത്ത് ചേര്‍ന്നത്. ഭാരതീയ കിസാന്‍ യൂനിയനാണ് മഹാപഞ്ചായത്ത് വിളിച്ചത്. ഹിന്ദു, മുസ്‌ലിം, സിഖ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. സംഘര്‍ഷങ്ങളെ അപലപിച്ച യോഗം, സമാധാനത്തിനായി കൈകോര്‍ക്കണമെന്ന് അഭ്യര്‍ഥിച്ചു. ഹിസാറിന് പുറമെ മറ്റ് പ്രദേശങ്ങളിലും മഹാപഞ്ചായത്തുകള്‍ ചേരുകയും സമാധാനത്തിന് ആഹ്വാനംചെയ്യുകയും ചെയ്തു.
അതേസമയം, കലാപം നടന്ന് 12 ദിവസം പിന്നിട്ടതോടെ നൂഹിലും സമീപപ്രദേശങ്ങിലും സാധാരണനില കൈവന്നു. ജില്ലയില്‍ വെള്ളിയാഴ്ച പതിവ് പോലെ സ്‌കൂളുകള്‍ തുറന്നു. സംഘര്‍ഷം തുടങ്ങിയതോടെ കഴിഞ്ഞ മാസം 31 മുതല്‍ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഹരിയാന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് സര്‍വിസുകളും ഇന്നലെ മുതല്‍ പൂര്‍ണമായി പുനഃസ്ഥാപിച്ചു. കലാപവുമായി ബന്ധപ്പെട്ട് 305 പേരെയാണ് ഇന്നലെ വരെ അറസ്റ്റ്‌ചെയ്തത്. 113 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ചെയ്തു. 106 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണ്.
അതിനിടെ, കലാപകാരികളുടെതെന്ന് പറഞ്ഞ് നൂഹ് ജില്ലാ ഭരണകൂടം തകര്‍ത്ത വീടുകളുടെയും കെട്ടിടങ്ങളുടെയും കണക്കുകള്‍ പുറത്തുവന്നു. അഞ്ചുദിവസം കൊണ്ട് ജില്ലയിലെ 11 പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി 72.1 ഏക്കര്‍ സ്ഥലത്തെ 1,208 കെട്ടിടങ്ങളാണ് തകര്‍ത്തത്. നൂഹ്, നല്‍ഹാര്‍, പുന്‍ഹാന, ടൗരു, നംഗല്‍ മുബാറക്പൂര്‍, ഷാപൂര്‍, ആഗോണ്‍, അദ്ബാര്‍ ചൗക്ക്, നല്‍ഹാര്‍ റോഡ്, തിരംഗ ചൗക്ക്, നാഗിന തുടങ്ങിയ നഗരങ്ങളിലും ഗ്രാമങ്ങളിലുമാണ് ബുള്‍ഡോസര്‍ നടപടിയുണ്ടായത്. തകര്‍ക്കപ്പെട്ടവയെല്ലാം ന്യൂനപക്ഷവിഭാഗങ്ങളുടെതാണെന്ന് റിപ്പോര്‍ട്ടുണ്ട്.

Homes Razed In Haryana’s Nuh Over Communal Clashes Built Under Government Schemes