പരിക്ക്; അല്‍ ഹിലാലിലെ നെയ്മറിന്റെ അരങ്ങേറ്റം ഒരു മാസം വൈകും
|
റിയാദ്: അല്‍ ഹിലാല്‍ ജഴ്‌സിയില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ അരങ്ങേറുന്നത് കാണാന്‍ ആരാധകര്‍ ഒരു മാസം കൂടി കാത്തിരിക്കേണ്ടി വരും. പരിക്ക് കാരണം അല്‍ഹിലാലിന് വേണ്ടി അരങ്ങേറ്റം കുറിക്കാന്‍ ബ്രസീലിയന്‍ വിംഗര്‍ നെയ്മറിന് ഒരുമാസം വിശ്രമം ആവശ്യപ്പെട്ടതിനാലാണിത്. ഈ മാസം 24ന് നെയ്മര്‍ ആദ്യ കളിക്കിറങ്ങുമെന്നായിരുന്നു ഹിലാല്‍ അറിയിച്ചത്. എന്നാല്‍ പിഎസ്ജിയില്‍ നിന്നേറ്റ പരിക്കില്‍ നിന്നും പൂര്‍ണ മോചനം ലഭിക്കാന്‍ നെയ്മറിന് ഒരു മാസം കൂടി വിശ്രമം വേണം.
സെപ്റ്റംബര്‍ വരെ കാത്തിരിക്കേണ്ടി വരുമെന്ന് കോച്ച് ജോര്‍ജ്ജ് ജീസസ് പറഞ്ഞു. നെയ്മര്‍ സര്‍ഗ്ഗാത്മക കളിക്കാരനാണ്. താരത്തിന്റെ സാന്നിധ്യം ഞങ്ങളെ മെച്ചപ്പെടുത്താന്‍ സഹായിക്കും, പക്ഷേ അദ്ദേഹത്തിന് ഇപ്പോള്‍ ചെറിയ പരിക്കുണ്ട്. എപ്പോള്‍ മടങ്ങിവരുമെന്ന് എനിക്കറിയില്ല. ഒരുപക്ഷേ സെപ്റ്റംബര്‍ പകുതിയോടെ അദ്ദേഹം തയ്യാറാകുമെന്ന് ജീസസ് പറഞ്ഞു.
അടുത്ത മാസം നടക്കുന്ന രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ നെയ്മറെ ഉള്‍പ്പെടുത്തിയതില്‍ അല്‍ഹിലാല്‍ കോച്ച് ജീസസ് അത്ഭുതം പ്രകടിപ്പിച്ചു. ബ്രസീല്‍ ദേശീയ ടീം അവനെ എങ്ങനെയാണ് വിളിച്ചതെന്ന് എനിക്കറിയില്ല, അവന്‍ തയ്യാറല്ല ജീസസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പിന് ശേഷം നെയ്മര്‍ ബ്രസീലിനായി കളിച്ചിട്ടില്ല. എന്നാല്‍ സെപ്തംബര്‍ 8ന് ബൊളീവിയയ്‌ക്കെതിരെയും നാല് ദിവസത്തിന് ശേഷം പെറുവിനെതിരെയും ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സൗദിയിലെത്തിയ നെയ്മറിന് ഉജ്ജ്വലമായ സ്വീകരണമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. സൗദിയില്‍ ഏറ്റവും കൂടുതല്‍ ആരാധാകരളുള ഹിലാല്‍ ക്ലബ്ബിലേക്ക് നെയ്മറെത്തിയതോടെ അറുപതിനായിരത്തോളം പേരാണ് പ്രസന്റേഷന്‍ കാണാനെത്തിയത്.


