22
Aug 2023
Thu
22 Aug 2023 Thu

മാഡ്രിഡ്: സ്പെയിന്‍ വനിതാ ലോകകപ്പ് നേടിയതിന് പിന്നാലെ ഫുട്ബോള്‍ താരം ജെന്നി ഹെര്‍മോസോയുടെ ചുണ്ടില്‍ ചുംബിച്ചതിന് ഫുട്ബോള്‍ ഫെഡറേഷന്‍ മേധാവി മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്‌നം തീരില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ഞായറാഴ്ച നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ 1-0ന് തോല്‍പ്പിച്ചതിന് പിന്നാലെയാണ് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ മേധാവി ലൂയിസ് റൂബിയാലെസ് (45) ഹെര്‍മോസോയെ ചുംബിച്ചത്. റൂബിയാലെസ് മറ്റ് താരങ്ങളെ ആലിംഗനം ചെയതപ്പോള്‍ ഹെര്‍മോസോയെ ചുണ്ടില്‍ ചുംബിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”ഞങ്ങള്‍ കണ്ടത് അസ്വീകാര്യമായ പ്രവര്‍ത്തിയായിരുന്നു,” ചുംബനത്തെക്കുറിച്ചുള്ള പ്രതിഷേധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സാഞ്ചസ് ചൊവ്വാഴ്ച ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ”റുബിയാലെസ് നല്‍കിയ ക്ഷമാപണം അപര്യാപ്തമാണെന്ന് ഞാന്‍ കരുതുന്നു”- ലൈംഗിക പീഡനത്തിന് എതിരെ കര്‍ശനമായ നിയമങ്ങള്‍കൊണ്ടുവന്ന സര്‍ക്കാരിനെ നയിക്കുന്ന സാഞ്ചസ് കൂട്ടിച്ചേര്‍ത്തു.

ചുംബനത്തെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതിഷേധം കനത്തതോടെ തിങ്കളാഴ്ച സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ റുബിയാലെസ് ക്ഷമാപണം നടത്തിയിരുന്നു. ”ഏറ്റവും ആഹ്ലാദകരമായ ഒരു നിമിഷത്തില്‍ യാതൊരു ദുരുദ്ദേശ്യവുമില്ലാതെയാണ് അങ്ങനെ ചെയ്തത്. അത് ഒരു സ്വാഭാവികവും സാധാരണവുമായ കാര്യമായാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ അതേച്ചൊല്ലി പുറത്ത് വലിയ ഒച്ചപ്പാട് ഉണ്ടായി ‘- ക്ഷമാപണ വീഡിയോയില്‍ റൂബിയാലെസ് പറഞ്ഞു.

”എനിക്ക് ക്ഷമാപണം നടത്തുകയും ഇതില്‍ നിന്ന് പഠിക്കുകയും ചെയ്യുകയല്ലാതെ മറ്റ് മാര്‍ഗമില്ല… കൂടാതെ ഫെഡറേഷനെ പ്രതിനിധീകരിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രതയോടെയിരിക്കുകയും വേണം,” അദ്ദേഹം പറഞ്ഞു. തനിക്ക് ഹെര്‍മോസോയുമായി ”നല്ല ബന്ധമാണ്” ഉള്ളതെന്നും റൂബിയാലെസ് വീഡിയോയില്‍ ഊന്നിപ്പറഞ്ഞു.

ഞായറാഴ്ച, ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ ശേഷം 33കാരിയായ ഹെര്‍മോസോ ഇന്‍സ്റ്റാഗ്രാമില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തു. ഇതില്‍ ഡ്രസിങ് റൂമിലെ ആഘോഷങ്ങള്‍ കാണിക്കുന്നുണ്ട്. അതിനിടെ സഹതാരങ്ങള്‍ അവളെ കളിയാക്കുന്നുണ്ട്. അതിനോട് ഹെര്‍മോസോ ചിരിച്ചുകൊണ്ട് പ്രതികരിച്ചത് ഇങ്ങനെയാണ്: ”എനിക്ക് അത് ഇഷ്ടപ്പെട്ടില്ല”.