01
Sep 2023
Fri
01 Sep 2023 Fri

ദുബായ്: വെങ്ങര-മുട്ടം സരിഗമ പ്രശസ്ത ഗായിക വിളയില്‍ ഫസീല (വല്‍സല) പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രവാസിയും പ്രശസ്ത പിന്നണി ഗായകനുമായ യൂസഫ് കാരക്കാടിനാണ് പുരസ്‌കാരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെറുപ്പം തൊട്ട് ഇസ് ലാമിക കഥാപ്രസംഗം പറഞ്ഞും കവിത ചൊല്ലിയും കാസറ്റുകളില്‍ പാടുകയും ചെയ്ത പ്രതിഭയാണ് പുരസ്‌കാര ജേതാവായ യൂസുഫ് കാരക്കാട്.
1990ല്‍ ഹിജാസത്ത് എന്നപേരിലുള്ള പ്രഥമ ഓഡിയോ ആല്‍ബം പുറത്തിറക്കി. ഒട്ടേറെ ചെറുതും വലുതുമായ സ്റ്റേജ് ഷോകളിലും യൂസുഫിന്റെ ആലാപന വൈഭവം തന്മയത്വത്തോടെ പ്രകടമാക്കപ്പെട്ടു. ‘സംകൃതപമഗരി…’എന്ന പേരിലുള്ള മാപ്പിളപ്പാട്ട് അന്താക്ഷരിയുടെ സ്റ്റേജ് ഷോകളിലൂടെ ഏറെ പ്രശംസിക്കപ്പെട്ടു.

മുന്‍ ഫോക്ക് ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രഫ ബി മുഹമ്മദ് അഹമ്മദ്, എഴുത്തുകാരനും, മാധ്യമ പ്രവര്‍ത്തകനുമായ മനോഹരന്‍ വെങ്ങര, യുഎഇയിലെ കലാ സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകനും ചിരന്തന പ്രസിഡന്റുമായ പുന്നക്കന്‍ മുഹമ്മദലി, ദര്‍ശന പ്രസിഡന്റ് സി പി ജലീല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മുട്ടം സരിഗമ പ്രസിഡന്റ് പുന്നക്കന്‍ ബീരാന്‍, ജനറല്‍ സെക്രട്ടറി കെ ടി പി ഇബ്രാഹിം എന്നിവര്‍ അറിയിച്ചു.