08
Sep 2023
Fri
08 Sep 2023 Fri

പുതുപ്പള്ളി: വിജയാഘോഷത്തിന് പിന്നാലെ മണര്‍കാട് സംഘര്‍ഷം; പൊലീസ് ലാത്തി വീശി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് പിന്നാലെ മണര്‍കാട് UDF- LDF സംഘര്‍ഷം. വിജയാഘോഷത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തുകയായിരുന്നു എന്ന് DYFI ആരോപിച്ചു. മണര്‍കാട് മാലം ജംഗ്ഷനില്‍ ആണ് സംഘര്‍ഷം രൂപപ്പെട്ടത്. അബിന്‍ വര്‍ക്കി ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പരിക്കുപറ്റിയിട്ടുണ്ട്.

അതേസമയം പ്രകടനത്തിന് നേരെ DYFI കല്ലെറിയുകയായിരുന്നു എന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപണം. പരാജയത്തില്‍ വിറളി പൂണ്ട സിപിഎമ്മുകാര്‍ അക്രമമഴിച്ച് വിടുകയാണ് എന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു. തോല്‍വിയുടെ ആഘാതം ഗുണ്ടായിസം കൊണ്ട് കുറയ്ക്കാന്‍ നോക്കേണ്ടെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, വി ടി ബല്‍റാം, അബിന്‍ വര്‍ക്കി എന്നിവര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

ഇരു വിഭാഗത്തെയും പിരിച്ചുവിടാനുളള ശ്രമത്തിലാണ് പൊലീസ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.

അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയുടെ ചരിത്രം തിരുത്തി കുറിച്ചു. 36,454 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മന്‍ ജയിച്ചത്. 50 വര്‍ഷം മണ്ഡലം കൂടെ കൊണ്ടുനടന്ന ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് തിരുത്തി എന്ന പ്രത്യേകതയുമുണ്ട്. 2011 തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുജ സൂസന്‍ ജോര്‍ജിനെതിരെ ഉമ്മന്‍ ചാണ്ടിനേടിയ 33,255 വോട്ടുകളുടെ ഭൂരിപക്ഷമാണ് മകന്‍ തിരുത്തി കുറിച്ചത്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക