വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന വിവാഹിതയുടെ പരാതി നിലനില്‍ക്കില്ല; യുവാവിനെതിരായ ബലാത്സംഗ കേസ് ഹൈക്കോടതി റദ്ദാക്കി
|
റാഞ്ചി: വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന വിവാഹിതയായ സ്ത്രീയുടെ പരാതികള്‍ നിലനില്‍ക്കില്ലെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതി. പരപുരുഷ ബന്ധങ്ങളുടെ പ്രത്യാഘാതങ്ങളെല്ലാം അറിഞ്ഞ് തന്നെയാണ് പ്രായപൂര്‍ത്തിയും വിവാഹിതയുമായ സ്ത്രീ മറ്റൊരാളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുക. ഇക്കാരണത്താല്‍ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന വാദം നിലനില്‍ക്കില്ലെന്നും വിവാഹിതയായ യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കി ഹൈക്കോടതി വ്യക്തമാക്കി.
വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കുകയും ലൈംഗികമായി ചൂഷണംചെയ്‌തെന്നുമുള്ള യുവതിയുടെ പരാതിയില്‍ അഭിഷേക് കുമാര്‍ പാല്‍ എന്നയാള്‍ക്കെതിരേ കേസെടുക്കാനുള്ള സെഷന്‍സ് കോടതി ഉത്തരവിനെതിരെ നല്‍കിയ ഹരജിയണ് ജസ്റ്റിസ് സുഭാഷ് ചന്ദിന്റെ സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. ഭര്‍ത്താവുമായുള്ള വൈവാഹികബന്ധം നിലനിര്‍ത്തി തന്നെയാണ് യുവതി മറ്റൊരാളുമായി അടുത്തതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കാമുകന്‍ വിവാഹ വാഗ്ദാനം നല്‍കിയതിനാലാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സമ്മതം നല്‍കിയതെന്ന വാദം വിശ്വസത്തിലെടുത്തില്ല.
യുവാവും യുവതിയും കോളജില്‍ സഹപാഠികളായിരുന്നു. ഇക്കാലത്ത് ഇരുവരും തമ്മില്‍ പ്രണയത്തിലായെങ്കിലും യുവതിയുടെ വിവാഹം മറ്റൊരാളുമായി നടത്തി. ബന്ധം ഒന്ന് രണ്ടുവര്‍ഷം കൊണ്ട് വേര്‍പിരിഞ്ഞതോടെ, യുവതിയും കാമുകനും അടുപ്പം തുടര്‍ന്നു. ഇരുവരും വിവാഹിതരാകാന്‍ നോക്കിയതോടെ കൊവിഡ് വരികയും അത് നടക്കാതെ പോവുകയും ചെയ്തു. ഇതിനിടെ ബന്ധം അറിഞ്ഞ യുവാവിന്റെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ക്കുകയായിരുന്നു. ഇതോടെയാണ് യുവതി യുവാവിനും വീട്ടുകാര്‍ക്കുമെതിരേ പരാതിപ്പെട്ടത്. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ ഇത്തരത്തില്‍ ബന്ധം തുടര്‍ന്നത് എല്ലാ പ്രത്യാഘാതങ്ങളും അറിഞ്ഞുകൊണ്ടുതന്നെയാവണമെന്നും ഈ കേസില്‍ വിവാഹവാഗ്ദാനം നല്‍കിയുള്ള വഞ്ചനയെന്ന വകുപ്പ് വരില്ലെന്നും കോടതി അറിയിച്ചു.





