മംഗളൂരു: ഈദ് ഗാഹ് മൈതാനിയിൽ നടന്ന ഗണേശോത്സവത്തിന് പിന്നാലെ വിദ്വേഷ പ്രസംഗം നടത്തിയ ശ്രീരാമസേനാ നേതാവ് പ്രമോദ് മുത്തലിക്കിനെതിരെ കേസ്. കർണാടകയിലെ ഹുബ്ബള്ളി ഈദ് ഗാഹ് മൈതാനിയിൽ നടന്ന ഗണേശോത്സവത്തിനെത്തുടർന്ന് ഇരു മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചതിനാണ് പൊലീസ് കേസെടുത്തത്.
|
മൈതാനത്ത് ഗണേശ വിഗ്രഹം പ്രതിഷ്ഠിച്ച് ഉത്സവം നടത്തുന്നതിനെ എതിർത്ത അൻജുമൻ ഇസ്‍ലാം എന്ന സംഘടനയെ വിമർശിക്കുന്നതിനിടെയായിരുന്നു ഹിന്ദുത്വനേതാവിന്റെ വിദ്വേഷ പരാമർശങ്ങൾ. അൻജുമൻ ഇസ്‍ലാം സംഘടനയും ഭാരവാഹികളും ദേശവിരുദ്ധരാണെന്ന് പറഞ്ഞ മുത്തലിക്, പള്ളികളിൽ കയറി ഗണേഷ വിഗ്രഹം പ്രതിഷ്ഠിക്കുമെന്നും പ്രാർഥന തടസപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.
“അൻജുമൻ ഇസ്‍ലാം സംഘടനയുടെ ദുരുദ്ദേശം തുറന്നു കാട്ടപ്പെട്ടു. മസ്ജിദിലും ഗണേശ വിഗ്രഹം പ്രതിഷ്ഠിക്കാൻ ഹിന്ദുവിന് കരുത്തുണ്ട്. പ്രാർഥന തടയാനും കഴിയും. റാണി ചന്നമ്മ ഈദ് ഗാഹ് മൈതാനിയിൽ നമസ്കാരത്തിന് അനുമതി നൽകരുത് എന്നാവശ്യപ്പെട്ട് തങ്ങൾ കോടതിയെ സമീപിക്കും. ഇത് പാകിസ്താനോ അവരുടെ തറവാട് വകയോ അല്ല”- എന്നായിരുന്നു മുത്തലിക്കിന്റെ പ്രസംഗം.
പ്രസംഗത്തിൽ ഹുബ്ബള്ളി കോർപറേഷൻ അസി. കമീഷണർ ചന്ദ്രശേഖര ഗൗഡയുടെ പരാതിയിൽ ഹുബ്ബള്ളി ഉപനഗര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഈ മാസം 19 മുതൽ 21 വരെയാണ് ഈദ് ഗാഹ് മൈതാനിയിൽ കോർപറേഷൻ അനുമതിയോടെ ഗണേശോത്സവം സംഘടിപ്പിച്ചത്.
കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഉഡുപ്പി ജില്ലയിലെ കാർക്കള മണ്ഡലത്തിൽ മത്സരിച്ച് കെട്ടിവച്ച പണം പോയ ശേഷം ആദ്യമായാണ് മുത്തലിക് പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.





