29
Sep 2023
Sun
29 Sep 2023 Sun

130 ദിവസത്തിന് ശേഷം മണിപ്പുരില്‍ മൊബൈല്‍. ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇംഫാല്‍: മണിപ്പുരില്‍ കലാപത്തെ തുടര്‍ന്നു റദ്ദാക്കിയ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്നലെ മുതല്‍ പുനസ്ഥാപിച്ചു. മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിനാല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കുമെന്നാണു മുഖ്യമന്ത്രിയുടെ വിശദീകരണം. കലാപം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് മെയ് മൂന്നിനാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ മണിപ്പുരില്‍ റദ്ദാക്കിയത്. എന്നാല്‍ കലാപത്തിന് ഒരു അയവും ഇതുകൊണ്ട് ഉണ്ടായിരുന്നില്ല.

മണിപ്പുരിലേക്കുള്ള അനധികൃത കുടിയേറ്റ പ്രവാഹം സര്‍ക്കാര്‍ പരിഗണിക്കുമെന്നും ഇന്ത്യ, മ്യാന്‍മര്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മണിപ്പുരിലെ നിലവിലെ അവസ്ഥയ്ക്കു കാരണം മുന്‍പത്തെ സര്‍ക്കാരിന്റെ നയങ്ങളാണെന്നും ബിരേന്‍ സിങ് കുറ്റപ്പെടുത്തി.

അതേസമയം മണിപ്പുരില്‍ ആയുധങ്ങളുമായി അറസ്റ്റിലായ 5 മെയ്‌തെയ് യുവാക്കള്‍ക്ക് ഇന്നലെ കോടതി ജാമ്യം നല്‍കി. പൊലീസ് സ്റ്റേഷന്‍ പരിധി വിട്ടുപോകരുതെന്ന നിബന്ധനയോടെയാണു ജാമ്യം നല്‍കിയത്. ഇവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു മെയ്‌തെയ് വനിതകള്‍ കോടതിക്കു മുന്‍പിലും സമരം നടത്തിയിരുന്നു. പട്ടാള യൂണിഫോമില്‍ ആയുധങ്ങളുമായിട്ടാണു മെയ്‌തെയ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.

അതിനിടെ ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ക്വാക്കീഥെല്‍ സ്‌ട്രെച്ച്, സിംഗ്ജമേയ്, ഉറിപോക്ക് എന്നിവിടങ്ങളില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ആര്‍എഎഫ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സേന കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. സര്‍ക്കാരിനും പോലീസിനുമെതിരെ പ്രതിഷേധിച്ച് അവര്‍ റോഡിന് നടുവില്‍ ടയറുകള്‍ കത്തിച്ചു.

കഴിഞ്ഞ ദിവസമാണ് ഇംഫാലിലെ പ്രത്യേക കോടതി 50,000 രൂപയുടെ പിആര്‍ ബോണ്ടില്‍ അഞ്ച് പേരെ ജാമ്യത്തില്‍ വിട്ടയച്ചത്. സെപ്തംബര്‍ 16ന് ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ കോങ്ബയില്‍ വെച്ച് മറ്റ് നാല് പേര്‍ക്കൊപ്പം അറസ്റ്റ് ചെയ്തപ്പോള്‍ 78 വെടിയുണ്ടകളുള്ള ഒരു ഇന്‍സാസ് റൈഫിള്‍ ആനന്ദിന്റെ പക്കല്‍ നിന്ന് കണ്ടെടുത്തിരുന്നു. അറസ്റ്റിന് പിന്നാലെ അഞ്ച് വില്ലേജ് ഡിഫന്‍സ് വോളന്റിയര്‍മാരെയും നിരുപാധികം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂര്‍ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മില്‍ വ്യാപകമായ ഏറ്റുമുട്ടലുണ്ടായിരുന്നു.