30
Sep 2023
Mon
30 Sep 2023 Mon

സൗദി യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസ്: മല്ലു ട്രാവലര്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: സൗദി അറേബ്യന്‍ യുവതിയുടെ ലൈംഗികാതിക്രമ പരാതിയില്‍ വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷക്കീര്‍ സുബാനെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍. പരാതിക്കു പിന്നാലെ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പുറമെയാണ് വിമാനത്താവളത്തില്‍ ലുക്കൗട്ട് സര്‍ക്കുലര്‍ നല്‍കിയത്. നിലവില്‍ ഇയാള്‍ വിദേശത്താണെന്നു പൊലീസ് പറയുന്നു. ഹാജരാകാന്‍ ആവശ്യപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. അതിനിടെ ഷക്കീര്‍ സുബാന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. 354ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

29കാരിയായ സൗദി അറേബ്യന്‍ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഷക്കിര്‍ സുബാനെതിരെ കേസ് എടുത്തത്. ഇന്റര്‍വ്യൂ ചെയ്യാന്‍ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിയില്‍ പറയുന്നു. സെപ്റ്റംബര്‍ പതിമൂന്നിനായിരുന്നു സംഭവം.

അതേസമയം, പീഡന പരാതിയില്‍ കോടതിയെ സമീപിക്കാനൊരുങ്ങി മല്ലു ട്രാവലര്‍. ഷക്കീര്‍ സുബാന്‍ ഇന്ന് കോടതിയെ സമീപിക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷക്കായി എറണാകുളം സെഷന്‍സ് കോടതിയെയാണ് സമീപിക്കുന്നത്. ഷക്കീറിന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു. പരാതിയില്‍ സൗദി യുവതിയുടെ രഹസ്യ മൊഴി കഴിഞ്ഞ ദിവസം എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെ രേഖപ്പെടുത്തിയിരുന്നു.