05
Sep 2023
Wed
05 Sep 2023 Wed

കൊല്ലം: നിരോധിത സംഘടനയായ പിഎഫ്‌ഐ എന്ന പേര് അജ്ഞാതര്‍ ശരീരത്തില്‍ ചാപ്പകുത്തിയെന്ന് നാടകം കൡ സൈനികന്‍ കടയ്ക്കല്‍ സ്വദേശി ഷൈനിനെതിരേ സൈന്യം അച്ചടക്ക നടപടിയെടുക്കും. സൈനികനെ സര്‍വീസില്‍ നിന്നു പിരിച്ചുവിടുന്നതടക്കമുള്ള നടപടികളിലേക്ക് സൈന്യം കടക്കുമെന്നാണ് വിലയിരുത്തല്‍.
കോടതിയുടെ അനുമതിയോടെ സൈനികനെ മിലിട്ടറി പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിശദമായ ചോദ്യം ചെയ്യലിനു വിധേയനാക്കുകയും ചെയ്യും. കുറ്റക്കാരനെന്ന് ബോധ്യപ്പെട്ടാല്‍ കോര്‍ട്ട് മാര്‍ഷല്‍ നടപടികളിലേക്ക് കടക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദേശീയ തലത്തില്‍ പ്രശസ്തിയും വീര പരിവേഷവും നേടാനായിരുന്നു സൈനികന്റെ ശ്രമമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജോഷിയെ ചോദ്യം ചെയ്തപ്പോള്‍ ഇതിനായി ഷൈന്‍ നടത്തിയ നാടകം വെളിച്ചത്തുവന്നിരുന്നു. പിഎഫ്‌ഐ ആക്രമണത്തിനിരയായെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രീതിയും സഹതാപവും പിടിച്ചുപറ്റി ഇഷ്ടപ്പെട്ട സ്ഥലത്തേയ്ക്ക് സ്ഥലം മാറ്റം വാങ്ങാമെന്ന് ഷൈന്‍ കണക്കുകൂട്ടിയിരുന്നു.

അതേസമയം സൈനികനെ അറസ്റ്റ് ചെയ്ത വിവരം കേരള പൊലീസ് സൈന്യത്തെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. മിലിട്ടറി ഇന്റലിജന്‍സും ഉദ്യോഗസ്ഥരും കാര്യങ്ങള്‍ വിശദമായി മേലധികാരികള്‍ക്ക് കൈമാറികഴിഞ്ഞു. റോ അടക്കമുള്ള കേന്ദ്ര ഏജന്‍സികളും വിഷയത്തില്‍ വിശദമായ അന്വേഷണമാണ് നടത്തിയത്.

സൈനികനെ മര്‍ദ്ദിച്ച് പുറത്ത് പിഎഫ്‌ഐ എന്ന് ചാപ്പകുത്തിയെന്ന വാര്‍ത്ത ദേശീയതലത്തില്‍ പ്രചരിക്കപ്പെട്ടെങ്കിലും കേരള പൊലീസിന്റെ പഴുതടച്ച അന്വേഷണം പരാതിക്കാരനായ സൈനികന്റെ കള്ളി പൊളിക്കുകയായിരുന്നു. പരാതിയില്‍ അന്വേഷണം നടത്തുന്നതിന് അക്രമം നടന്നു എന്നു പറയുന്ന സ്ഥലത്ത് എത്തി കടയ്ക്കല്‍ പൊലീസ് നടത്തിയ പരിശോധനയില്‍ തന്നെ അസ്വാഭാവികത ബോധ്യപ്പെട്ടിരുന്നു. ഇതോടെ പരാതി വ്യാജമാണെന്ന് പൊലീസ് ഉറപ്പിച്ചു. സൈനികന്റെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ എല്ലാം തുറന്ന് പറയുകയായിരുന്നു. തുടര്‍ന്നാണ് സൈനികനെയും കസ്റ്റഡിയിലെടുത്ത് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. വിലങ്ങ് അണിയിച്ചാണ് ഇരുവരെയും സംഭവ സ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നത്.

സംഭവസമയം താന്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് സൈനികന്റെ സുഹൃത്ത് വെളിപ്പെടുത്തിയത്. തന്നെ മര്‍ദ്ദിക്കണമെന്ന് സൈനികന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ഇതിനു തയ്യാറാവാതെ വന്നതോടെ നിലത്തുകൂടി വലിച്ചിഴയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ഉടുപ്പ് കീറിയ ശേഷം പുറത്ത് പിഎഫ്‌ഐ എന്ന് എഴുതുകയായിരുന്നുവെന്നും ഇയാള്‍ വെളിപ്പെടുത്തി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക