|
തിരുവനന്തപുരം: ഒരു വെടിയൊച്ചയില്‍ നിശബ്ദമാക്കാന്‍ സാധിക്കുന്നതല്ല ഗാന്ധിജിയുടെ വാക്കുകള്‍ എന്ന് വര്‍ഗീയ രാഷ്ട്രീയത്തിന് ബോധ്യമുണ്ടെന്നും അതിനാല്‍ ആ വാക്കുകള്‍ മുഴുവനായി ചരിത്രത്തില്‍ നിന്നു മായ്ച്ചു കളയാനാണവര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്. രാഷ്ട്ര പിതാവിനെ രാഷ്ട്രത്തിന്റെ ഹൃദയത്തില്‍ നിന്ന് പറിച്ചെടുക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ ഓരോ ഇന്ത്യക്കാരനെയും അസ്വസ്ഥമാക്കുന്നതാണെന്നും 154ാം ഗാന്ധി ജയന്തി ദിനത്തില്‍ മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്
ഇന്നു ഗാന്ധി ജയന്തി. സാമ്രാജ്യത്വത്തിന്റെ നുകത്തില്‍ നിന്നും മോചനം നേടി സ്വതന്ത്ര ജനാധിപത്യ രാഷ്ട്രത്തിലെ പൗരന്മാര് എന്ന നിലയ്ക്ക് ആത്മാഭിമാനത്തോടെ, തലയുയര്‍ത്തി നടക്കാന്‍ നമുക്ക് സാധിക്കുന്നതിനു പിന്നില്‍ ഗാന്ധിജിയുടെ ത്യാഗപൂര്‍ണ്ണമായ ജീവിതത്തിന് നിസ്തുലമായ പങ്കുണ്ട്. ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും സാഹോദര്യത്തിന്റേയും പ്രവാചകനായ ഗാന്ധിജി വിഭാഗീയ രാഷ്ട്രീയത്തിനു മുന്നില്‍ അന്നും ഇന്നും വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്.
ഒരു വെടിയൊച്ചയില്‍ നിശബ്ദമാക്കാന്‍ സാധിക്കുന്നതല്ല ഗാന്ധിജിയുടെ വാക്കുകള്‍ എന്ന് വര്‍ഗീയ രാഷ്ട്രീയത്തിന് ബോധ്യമുണ്ട്. അതിനാല്‍ ആ വാക്കുകള്‍ തന്നെ ചരിത്രത്തില്‍ നിന്നു മായ്ച്ചു കളയാനാണവര്‍ ശ്രമിക്കുന്നത്. രാഷ്ട്ര പിതാവിനെ രാഷ്ട്രത്തിന്റെ ഹൃദയത്തില്‍ നിന്ന് പറിച്ചെടുക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ ഓരോ ഇന്ത്യക്കാരനെയും അസ്വസ്ഥമാക്കുന്നതാണ്. അത്തരം ഉദ്യമങ്ങളെ ഒറ്റക്കെട്ടായി നമുക്ക് ചെറുക്കാം. ഗാന്ധിജിയുടെ ഓര്‍മ്മകളും വാക്കുകളും കെടാതെ സൂക്ഷിക്കാം. മതനിരപേക്ഷത അടക്കമുള്ള ജനാധിപത്യ മൂല്യങ്ങള്‍ തകരാതെ കാക്കാം. ഏവര്‍ക്കും ഹൃദയപൂര്‍വ്വം ഗാന്ധി ജയന്തി ആശംസകള്‍ നേരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





