09
Oct 2023
Fri
09 Oct 2023 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമായി സര്‍വേ. ഇന്ത്യ ടി.വി – സിഎന്‍എക്‌സ് സര്‍വ്വേയാണ് മോദി പ്രധാനമന്ത്രിയായി ഹാട്രിക്ക് തികയ്ക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. ആകെയുള്ള 543 സീറ്റില്‍ 318  സീറ്റുകള്‍ എന്‍.ഡി.എ സഖ്യം നേടുമെന്നാണ് സര്‍വേ പറയുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ ഏതാനും സീറ്റുകള്‍ കുറയുമെങ്കിലും ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ഇന്ത്യാ സഖ്യത്തിന് കഴിയില്ലെന്നാണ് സര്‍വേയുടെ ഉള്ളടക്കം.

175 സീറ്റുകളാണ് പ്രതിപക്ഷ സഖ്യത്തിന് ലഭിക്കുമെന്ന് സര്‍വേ പറയുന്നത്. ബി.ആര്‍.എസ്, ബി.ജെ.ഡി, വൈഎസ്.ആര്‍ കോണ്‍ഗ്രസ് തുടങ്ങി ഇരുമുന്നണിയുടേയും ഭാഗമല്ലാത്ത പാര്‍ട്ടികള്‍ 50 സീറ്റുകളും നേടിയേക്കാം.

ഉത്തര്‍പ്രദേശാണ് ഇത്തവണയും ബി.ജെ.പിയുടെ തുണയ്ക്കുക. 2019 ല്‍ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ അവര്‍ ഇത്തവണ യുപിയില്‍ നേടിയേക്കാം. പ്രതിപക്ഷ നിരയിലേക്ക് എത്തുമ്പോള്‍ കഴിഞ്ഞ തവണ അഞ്ച് സീറ്റ് നേടിയ എസ്.പി ഇത്തവണ 4 ലേക്ക് ചുരുങ്ങും. കോണ്‍ഗ്രസ് ഒരു സീറ്റ് എന്നുള്ളത് രണ്ടായി ഉയര്‍ത്തുമെന്നും സര്‍വ്വേ പറയുന്നു. എന്നാല്‍ 2019 ല്‍ പത്ത് സീറ്റ് നേടിയ ബി.എസ്.പിക്ക് ഇത്തവണ ഒറ്റ സീറ്റും ലഭിച്ചേക്കില്ല.

ഉത്തരാഘണ്ഡില്‍ ആകെയുള്ള 5 ല്‍ അഞ്ച് സീറ്റും ബി.ജെ.പി നേടും. കോണ്‍ഗ്രസ് പ്രതീക്ഷവയ്ക്കുന്ന കര്‍ണാടകയിലും സര്‍വ്വേ ബി.ജെ.പിക്ക് അനുകൂലമാണ്. ആകെയുള്ള 28 സീറ്റില്‍ 20 ലും ബി.ജെ.പി വിജയിച്ചേക്കാം. കോണ്‍ഗ്രസിന് 7 സീറ്റിലും ജെ.ഡി.എസിന് ഒരു സീറ്റിലുമാണ് വിജയ സാധ്യത. ഗുജറാത്തില്‍ 26 ല്‍ 26 ഉം ബി.ജെ.പി തൂത്ത് വാരും. കേരളത്തില്‍ ആകെയുള്ള 20ല്‍ 16 സീറ്റും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് നേടിയേക്കുമെന്നാണ് പ്രവചനം. നാല് സീറ്റുകള്‍ മാത്രമായിരിക്കും എല്‍.ഡി.എഫിന് ലഭിക്കുക. അതേസമയം ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറയ്ക്കാനാകില്ല.

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആധിപത്യം തുടരും. ഇവിടെ 30 സീറ്റുകളും തൃണമൂലിനൊപ്പമാകും. തമിഴ്‌നാട്ടില്‍ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ ആകെയുള്ള 21 സീറ്റുകളും നേടും.

ഒഡീഷയില്‍ ബിജു ജനതാദള്‍ 13 സീറ്റുകളും ആന്ധ്രാപ്രദേശില്‍ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് 15 സീറ്റും നേടുമെന്നും സര്‍വേയിലുണ്ട്.

കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ബിആര്‍എസ് തെലങ്കാനയില്‍ ആകെയുള്ള 17 സീറ്റുകളില്‍ 8 സീറ്റുകള്‍ മാത്രമേ ലഭിക്കൂ. രാജസ്ഥാനിലെ 25ല്‍ 23ഉം മധ്യപ്രദേശിലെ 29ല്‍ 25ഉം ഛത്തീസ്ഗഡിലെ 11ല്‍ ഏഴും അസമില്‍ 14ല്‍ 12ഉം എന്‍ഡിഎ നേടിയേക്കുമെന്നും സര്‍വ്വേ അവകാശപ്പെടുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക