‘പീഡിപ്പിച്ചിട്ടില്ല, നേരത്തെ വിവാഹം കഴിച്ച കാര്യം അവര്‍ മറച്ചുവച്ചു’; പരാതിക്കാരിക്കെതിരെ ഷിയാസ് കരീം
|
കൊച്ചി: വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ നടനും മോഡലുമായ ഷിയാസ് കരീം പോലീസിന് നല്കിയ മൊഴി പുറത്ത്. യുവതിക്ക് വിവാഹവാഗ്ദാനം നല്കിയിരുന്നുവെന്നു് നേരാണെന്നും എന്നാല്‍, അവര്‍ നേരത്തെ വിവാഹം കഴിച്ചതാണെന്നും അതില്‍ കുട്ടിയുണ്ടെന്നും മറച്ചുവച്ച് തന്ന ചതിക്കുകയായിരുന്നുവെന്നും ഷിയാസ് മൊഴി നല്കി. ലൈംഗിക പീഡനം നടന്നിട്ടില്ല. ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നത്. യുവതിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. അവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന കാര്‍ വാങ്ങാനാണ് ഇത് ഉപയോഗിച്ചുവെന്നും മൊഴിയില്‍ പറയുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷം ചന്തേര പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കും. കേസില്‍ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ച പശ്ചാത്തലത്തില്‍ ഷിയാസിനെ ഉപാധികളോടെ വിട്ടയക്കാനാണ് സാധ്യത.
യുവതിയുടെ പരാതിയില്‍ ഇന്ന് രാവിലെയാണ് ഷിയാസിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തില്‍നിന്നാണ് ഷിയാസ് പിടിയിലായത്. ഷിയാസിനെതിരെ കേരള പൊലീസ് തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ദുബായില്‍നിന്നു ചെന്നൈയില്‍ എത്തിയപ്പോള്‍ തടഞ്ഞുവച്ച് കേരള പൊലീസിനെ അറിയിക്കുകയായിരുന്നു. ചന്തേര പൊലീസ് ചെന്നൈയിലെത്തി ഷിയാസിനെ കസ്റ്റഡിയിലെടുത്തു.
2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഷിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെ യുവതി പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു. പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരില്‍ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയില്‍ പറയുന്നു.
അതേസമയം, ഷിയാസിനു ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് പി ഗോപിനാഥാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഭീഷണിപ്പെടുത്തി വന്‍തുക വാങ്ങാനാണ് യുവതി അടുപ്പം സ്ഥാപിച്ചതെന്ന് ഷിയാസ് ജാമ്യാപേക്ഷയില്‍ പറഞ്ഞു. എറണാകുളത്ത് ഫിറ്റ്നസ് ഇന്‍സ്ട്രക്ടറായ കാസര്‍കോട് പടന്ന സ്വദേശിനിയാണ് ഷിയാസിനെതിരെ കഴിഞ്ഞമാസം ചന്തേര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





