തന്ത്രംമാറ്റി ഹമാസ്; ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ബന്ദികളെ വധിക്കും; വെട്ടിലായി ഇസ്രായേല്‍
|
ഗസ്സ: ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ തന്ത്രംമാറ്റി ഹമാസ്. ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ ബന്ദികളാക്കിവച്ചിരിക്കുന്ന ഇസ്രായേലി പൗരന്‍മാരെ ഓരോരുത്തരെയായി വധിക്കുമെന്ന് ഹമാസ് അറിയിച്ചു. മുന്നറിയിപ്പില്ലാതെ ഇനി സിവിലിയന്‍ വീടുകളില്‍ ബോംബിട്ടാല്‍ ബന്ദികളെ വധിച്ചു തുടങ്ങുമന്നാണ് മുന്നറിയിപ്പ്. ഇസ്ലാമിക നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി തടവുകാര്‍ തങ്ങളുടെ പക്കല്‍ സുരക്ഷിതരാണെന്നും എന്നാല്‍ ഇസ്രായില്‍ നിരപാരിധികളെ അവരുടെ വീടുകളില്‍ കൊന്നൊടുക്കുകയാണന്നും ഇനി ഇത് തുടരരുതെന്നും ഹമാസ് സായുധ വിഭാഗമായ അല്‍ ഖസ്സം ബ്രിഗേഡ് വക്താവ് അബു ഉബൈദ പറഞ്ഞു. ഹമാസിന്റെ കൈവശം ആയിരം ബന്ദികളെങ്കിലും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. അതില്‍ സൈനിക ഓഫിസര്‍മാരും ഉള്‍പ്പെടും. ഇക്കാര്യം ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ എത്ര ബന്ദികളുണ്ടെന്ന കാര്യത്തില്‍ സ്ഥിരീകരണം ഇല്ല. ഈ സാഹചര്യത്തില്‍ ഹമാസിന്റെ മുന്നറിയിപ്പ് ഇസ്രായേലിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
അതേസമയം, ഫലസ്തീന്‍ നഗരമായ ഗസ്സയെ പൂര്‍ണമായും ഒറ്റപ്പെടുത്തി ഇസ്രായേല്‍ ആക്രമണം തുടരുന്നു. ഒപ്പം ഹമാസിന്റെ തിരിച്ചടിയും തുടരുന്നതോടെ മരണസംഖ്യ കുതിക്കുന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം ആകെ മരിച്ചവരുടെ എണ്ണം 1350 ആയി. ഇതില്‍ 850 മരണവും ഇസ്രായേലിലാണ്. ഫലസ്തീനില്‍ 550 പേരും മരിച്ചു. മുവായിരത്തിലേറെ പേര്‍ക്ക് പരുക്കുണ്ട്. എണ്ണമറ്റ കെട്ടിടങ്ങളും നിലംപൊത്തി. കുട്ടികള്‍ക്ക് നേരെ കൂടുതലും ആക്രമണങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തത് ഫലസ്തിനിലാണ്. ഇവിടെ കൊല്ലപ്പെട്ടവരില്‍ നൂറിലേറെ കുട്ടികളുണ്ട്.
ഇസ്രായേലിന് പിന്തുണയുമായി അമേരിക്കന്‍ പടക്കപ്പലുകളും സൈനിക വിമാനങ്ങളും എത്തി. ഒരുലക്ഷം സൈനികരെ ഗസ്സ അതിര്‍ത്തിയില്‍ നിയോഗിച്ചിരിക്കുകയാണ് ഇസ്രായേല്‍. ഏത് നിമിഷവും കരമാര്‍ഗം ഗസ്സയില്‍ കടന്ന് ആക്രമണം നടത്താനാണ് നീക്കം. ഇസ്രായേലിനുള്ളില്‍ കയറിയ ഹമാസ് പോരാളികളെ പൂര്‍ണമായും പുറത്താക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. പലയിടത്തും ഹമാസ് പോരാളികളും ഇസ്രായേല്‍ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇവരെ പൂര്‍ണമായി പുറത്താക്കിയ ശേഷം ഗസ്സയെ നിയന്ത്രണത്തിലാക്കാനാണ് ഇസ്രായേല്‍ നീക്കം.
ഹമാസ് പോരാളികള്‍ നിരവധി പേരെ ബന്ദികളാക്കിയതിനാല്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന് സൈന്യത്തിന് കഴിയുന്നുമില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





