09
Oct 2023
Sat
09 Oct 2023 Sat

കണ്ണൂര്‍: ഇന്ത്യന്‍ ജനതയുടെ മനസ്സ് ഫലസ്തീനൊപ്പമാണെന്നും ഇന്ത്യയുടെ പരമ്പര്യം അതാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുല്‍ ജബ്ബാര്‍. മാതൃരാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം ഫലസ്തീനികളുടെ അവകാശം, ഫലസ്തീന്റെ സ്വതന്ത്ര രാഷ്ട്രപദവിക്കായി ലോകരാഷ്ട്രങ്ങള്‍ ഇടപെടുക, ഫലസ്തീന്‍ ജനതക്കുള്ള പിന്തുണ ഇന്ത്യ തുടരുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമം
ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.കെ അബ്ദുല്‍ ജബ്ബാര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫലസ്തീന്‍ ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനെതിരായാണ് ഇസ്രായേലിന്റെ യുദ്ധം. അധിനിവേശ ഭൂമിയില്‍ നിന്ന് ഇസ്രായേല്‍ പിന്മാറുകയാണ് വേണ്ടത്. ചെക്ക് പോസ്റ്റുകളില്‍ പ്രസവിക്കുകയും ചികിത്സ കിട്ടാതെ രോഗികള്‍ മരിച്ചുവീഴുകയും ചെയ്യുന്ന ലോകത്തിലെ ഒരേയൊരു ജനതയാണ് ഫലസ്തീനികള്‍.

അധിനിവേശവും ഉപരോധവും കൊണ്ട് പൊറുതിമുട്ടിയ ജനത അവരുടെ ഭൂമിയും ആകാശവും അന്യായമായി കയ്യടിക്കിവച്ചിരിക്കുന്ന സയണിസ്റ്റുകള്‍ക്കെതിരെ നടത്തുന്ന സ്വാതന്ത്ര്യ സമര പോരാട്ടത്തെയും ചെറുത്തു നില്‍പ്പിനെയും ഭീകരവാദമായി ചിത്രീകരിക്കുന്നവര്‍ ഇസ്രയേല്‍ അധിനിവേശത്തിന് ഓശാന പാടുന്നവരും ചരിത്രത്തെ വികലമാക്കുന്നവരുമാണ്. ഗസ്സയിലെ കുഞ്ഞുങ്ങളേയും സ്ത്രീകളേയും സിവിലിയന്‍മാരേയും നിഷ്ടൂരം കൊന്നൊടുക്കുന്ന ഭീകരരാഷ്ട്രമായ ഇസ്രായേലിനെ പിന്തുണക്കുന്ന മോദി, മണിപ്പൂരില്‍ സ്വന്തം ജനത കൊല്ലപ്പെട്ടപ്പോഴും പരസ്യ ബലാല്‍സംഗത്തിന് ഇരയായപ്പോഴും വായ തുറക്കാന്‍ തയ്യാറായിരുന്നില്ല. പിറന്ന നാടിന്റെ സ്വതന്ത്ര പരമാധികാരത്തിന് വേണ്ടി പോരാടുന്ന ഫലസ്തീനികളെ പിന്തുണയ്ക്കുക എന്നത് തന്നെയാണ് ഓരോ മനുഷ്യ സ്‌നേഹിയുടേയും ഉത്തരവാദിത്വമെന്നും അബ്ദുല്‍ ജബ്ബാര്‍ വ്യക്തമാക്കി.

ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, സാദിഖ് ഉളിയില്‍ (വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ്), ഡോ: സുരേന്ദ്രനാഥ് (സോഷ്യല്‍ ഫോര്‍ ഡമോക്രസി, ജില്ലാ ചെയര്‍മാന്‍), സുനില്‍ മക്തബ് (മാധ്യമ പ്രവര്‍ത്തകന്‍), സമീറ ഫിറോസ് (വിമന്‍ ഇന്ത്യാ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ്), ശംസുദ്ദീന്‍ മൗലവി (എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി) തുടങ്ങിയവര്‍ സംസാരിച്ചു. എസ്.ഡി.പി.ഐ ജില്ലാ ഭാരവാഹികളായ എ ഫൈസല്‍, മുസ്തഫ നാറാത്ത്, സൂഫീറ അലി അക്ബര്‍, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ഷഫീഖ് പി സി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക