08
Oct 2023
Mon
08 Oct 2023 Mon

സംസ്ഥാനത്ത് മഴ തീവ്രമാകും; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മറ്റ് ജില്ലകളില്‍ യെല്ലോ ജാഗ്രതയും
തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മഴക്കെടുതി തുടരുന്ന തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവയ്ക്കും അവധി ബാധകമാണ്.

ജില്ലയില്‍ ക്വാറി, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. ബീച്ചുകളില്‍ വിനോദ സഞ്ചാരത്തിനും നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാലും കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാലും അതീവ ജാഗ്രത പാലിക്കേണ്ടുന്നതിനാല്‍, കടലോരകായലോരമലയോര മേഖലകളിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതത്തിനും നിരോധനം ഏര്‍പ്പെടുത്തിയതായി ഉത്തരവില്‍ പറയുന്നു.

21 ദുരിതാശ്വാസ ക്യാമ്പുകളാണ് തിരുവനന്തപുരത്തു തുറന്നത്. ആയിരത്തോളം പേര്‍ ഈ ക്യാമ്പുകളിലേക്ക് മാറിയിരുന്നു. ഇന്നലെ രാത്രിയോടെ മഴ ശമിച്ചതാണ് ആശ്വാസമായത്. അതേസമയം, തിരുവനന്തപുരം ജില്ലയില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. യെല്ലോ അലര്‍ട്ടാണ് ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക