ദുബായ്: മർകസ് ത്വയ്ബ സെന്റർ ആഭിമുഖ്യത്തിൽ മിസ്‌കൂൽ ഖിതാം എന്ന ശീർഷകത്തിൽ നടന്ന മദനീയം മീലാദ് സമ്മേളനത്തിൽ, യു എ ഇ യിലെ പ്രമുഖ സാംസ്‌കാരിക പ്രവർത്തകനും മലബാർ ഗോൾഡ് & ഡയമണ്ട് പാർട്ണറുമായ ചാക്കോ ജോർജ് ഊളക്കാടനുള്ള ആദരം, മീലാദ് സമ്മേളനത്തെ മത സൗഹാർദ്ധ വേദിയാക്കിമാറ്റി. മീലാദ് സമ്മേളന ചടങ്ങിൽ മദനീയം സാരഥി അബ്ദുൽ ലത്തീഫ് സഖാഫി ചാക്കോയെ ഷാൾ അണിയിച്ചു ആദരിച്ചു.
|
വിദ്യാഭ്യാസവും മത സൗഹാർദ്ദവും വളർത്തുന്നതിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം അബൂബക്കർ മുസ്ലിയാരുടെയും മർകസിന്റെയും സേവന പ്രവർത്തനങ്ങൾ വളരെ മഹത്തരവും പ്രശംസനീയവുമാണെന്നും സൗഹാർദ്ദവും വിജ്ഞാനവും നൽകുന്ന ഇത്തരം ചടങ്ങുകൾ പരസ്പരം പ്രകാശം ചൊരിയുന്നതാണെന്നും അതിൽ പങ്കെടുക്കുക ഒരു മനുഷ്യനെന്ന നിലയിൽ തന്റെ കടമയാണെന്നും മറുപടി പ്രസംഗത്തിൽ ചാക്കോ പറഞ്ഞു. യു എ ഇ യിലെ കലാ-സാമൂഹിക-സാംസ്‌കാരിക-ജീവകാരുണ്യ പ്രവർത്തനങ്ങളിലെയും പരിപാടികളിലെയും നിറ സാന്നിധ്യമായ ചാക്കോ ഊളക്കാടൻ വേൾഡ് മലയാളി കൗൺസിൽ ഉമ്മുൽകുവൈൻ ചെയർമാൻ , ഇരിങ്ങാലക്കുട പ്രവാസി സംഘടനാ പ്രസിഡന്റ്, ഐ ബി പി സി, ഷാർജ ഇന്ത്യൻ അസോസിയേഷൻ, ഐ പി എ എന്നീ കൂട്ടായ്മകളുടെ സജീവ പ്രവർത്തകനാണ്.
പത്മശ്രീ എം എ യൂസഫലി, മമ്മൂട്ടി, മോഹൻലാൽ തുടങ്ങി സാംസ്കാരിക, രാഷ്ട്രീയ, വാണിജ്യ മേഖലയിലെ പ്രമുഖരുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ചാക്കോ ജോർജ് ഊളക്കാടൻ. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിയായ ചാക്കോ 43 വർഷമായി ദുബായിൽ കുടുംബ സമേതം കഴിയുന്നു. ഭാര്യ മിനി. അലൻ നോൾ, ലിനിറ്റ് ചാക്കോ, അനറ്റേ ചാക്കോ എന്നിവർ മക്കളാണ്.





