ഷാര്‍ജയില്‍ മഴ, വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ടും; UAEയില്‍ മഴ തുടരും
|
ദുബൈ: ഷാര്‍ജ ഉള്‍പ്പെടെയുള്ള യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. കഴിഞ്ഞ ഒരാഴ്ചയായി യുഎഇയില്‍ മഴ തുടരുകയാണ്. മഴമൂലം വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ടുണ്ടായി. വാദികളിലും റോഡുകളിലും വെള്ളം നിറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നിരവധിപ്പേരാണ് വിവിധ ഇടങ്ങളില്‍ വെള്ളക്കെട്ടുണ്ടായതായി വിഡിയോ പങ്കുവെച്ചത്. ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ എമിറേറ്റുകളുടെ വിവിധ ഭാഗങ്ങളിലാണ് ചൊവ്വാഴ്ചയും മഴ ലഭിച്ചത്. ദുബൈയടക്കം വിവിധ ഭാഗങ്ങളില്‍ വൈകുന്നേരത്തോടെ ശക്തമായ പൊടിക്കാറ്റ് ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
അറബിക്കടലില്‍ രൂപം കൊണ്ട തേജ് ചുഴലിക്കാറ്റിന്റെ പരോക്ഷമായ ആഘാതമാണ് രാജ്യത്ത് മഴ ശക്തമാക്കിയത്. ഒമാന്‍ അതിര്‍ത്തിയില്‍ നിന്ന് വളരെ അകലെയല്ലാതെ രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഷാര്‍ജയിലെ അല്‍ ഫയ മേഖലയില്‍ മഴമൂലം ശക്തമായ വെള്ളപ്പൊക്കമാണ് ഉണ്ടായത്. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് റോഡുകളില്‍ ആലിപ്പഴം വീഴുകയും വെള്ളക്കെട്ടുണ്ടാവുകയും ചെയ്തു.
അതേസമയം, വെള്ളിയാഴ്ച വരെ രാജ്യത്ത് മഴ തുടരുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. വെള്ളപ്പൊക്കമുള്ള താഴ്വരകളില്‍ ഉള്ളവരും അത്തരം പ്രദേശങ്ങളിലേക്ക് പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി മുന്നറിയിപ്പ് നല്കി. ഇത്തരം അപകടകരമായ സാഹചര്യങ്ങളില്‍ അശ്രദ്ധമായി പ്രവര്‍ത്തിക്കുന്നത് വ്യക്തിയുടെ ജീവന് അപകടത്തിലാക്കുക മാത്രമല്ല, പിഴ ഈടാക്കാനും വാഹനങ്ങള്‍ കണ്ടുകെട്ടാനും ഇടയാക്കും.
കഴിഞ്ഞ ആഴ്ചകളില്‍ യുഎഇയില്‍ ലഭിച്ച വേനല്‍ മഴ രാജ്യത്തെ കാര്‍ഷികോത്പാദനം വര്‍ദ്ധിപ്പിക്കാനും കീടങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും വിളകളെ മോചിപ്പിക്കാനും സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. വേനല്‍മഴ രാജ്യത്തിന്റെ കാര്‍ഷികോത്പാദനത്തില്‍ ക്രിയാത്മകമായി പ്രതിഫലിക്കുന്നുവെന്ന് കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയത്തിലെ ആരോഗ്യ, കാര്‍ഷിക വികസന വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ധന്‍ഹാനി പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





