ഷാർജ- കലുഷിതമായ ആധുനിക കാലഘട്ടത്തിൽ സമാധാനത്തിൻറെ സന്ദേശമാണ് സംഗീതത്തിനു പാടാനുള്ളതെന്ന് പ്രശസ്ത ഹിന്ദുസ്ഥാനി- ഗസൽ ഗായിക ഡോ. ഷമ ജൌഹരി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നാസർ ബേപ്പൂർ രചിച്ച ഗസൽ ഗായകിയുടെ വില്പനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ഡോ. ഷമ ജൌഹരി.
ഗസൽ സ്നേഹത്തിൻറെ സംഗീതമാണെന്നും അതുതന്നെയാണ് നാസർ ബേപ്പൂരിൻറെ ഗസൽ ഗായകി എന്ന പുസ്തകം നല്കുന്ന സന്ദേശമെന്നും അവർ പറഞ്ഞു.
|
ആലുവ റസിഡൻസ് ഓവർസീസ് മലയാളീസ് അസോസിയേഷൻ(അരോമ) ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ അരോമ പ്രസിഡൻറ് സിദ്ധീഖ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഗസൽ ഗായകിയുടെ ആദ്യ പ്രതി ഡോ.ഷമ ജൌഹരി അരവിന്ദ് ഹ്യൂമൺ റിസോഴ്സസ് ഇൻറർനാഷണലിൻറെ ചെയർമാൻ മുഹമ്മദ് കെ മക്കാറിന് നല്കി ഉദ്ഘാടനം ചെയ്തു. അഷ്റഫ് കാനാംപുള്ളി പുസ്തക പരിചയം നടത്തി.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. വൈ.എ. റഹിം ഡോ. ഷമ ജൌഹരിക്ക് ഉപഹാരം സമർപ്പിച്ചു. സംഗീത സംവിധായകൻ രഘുപതി മുഖ്യാതിഥിയായിരുന്നു. കൈരളി ബുക്സ് മാനേജിംഗ് ഡയറക്ടർ ഒ. അശോക് കുമാർ, നാസർ ബേപ്പൂർ, യാസർ ഹമീദ്, ഫെബിന അമീർ തുടങ്ങിയവർ പ്രസംഗിച്ചു.





