കൈയടി അര്‍ഹിക്കുന്നു; ബഡ്സ് സ്കൂളിന് കെട്ടിടം നിര്‍മിക്കാന്‍ സൗജന്യമായി 15 സെന്റ് സ്ഥലം നല്കി പഞ്ചായത്ത് പ്രസിഡന്റ്
|
മലപ്പുറം: ബഡ്സ് സ്കൂളിന് കെട്ടിടം നിര്‍മിക്കാനായി സൗജന്യമായി 15 സെന്റ് സ്ഥലം നല്കി മംഗലം പഞ്ചായത്ത് പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ സി.പി കുഞ്ഞുട്ടി. കഴിഞ്ഞദിവസം ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തെയാണ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. മരിച്ചുപോയ മകന് ശബാബിന്റെ ഓര്‍മ്മയ്ക്കായി പ്രസിഡന്റിന്റെ വീടിനോടുചേര്‍ന്നുള്ള സ്ഥലമാണ് അദ്ദേഹം സംഭാവനനല്‍കിയത്. ഗതാഗതസൗകര്യവും കുടിവെള്ളസൗകര്യവുമെല്ലാം ഉള്ള സ്ഥലത്തിന് 30 ലക്ഷത്തിലേറെ രൂപ വിലവരും. ഭര്‍ത്താവിന്റെ തീരുമാനത്തിനു പിന്തുണയുമായി പാട്ടുകാരി കൂടിയായ ഭാര്യ സെക്കീനയും കൂടെയുണ്ട്.
കൂട്ടായി നോര്‍ത്ത് ജി.എം.എല്‍.പി. സ്കൂളിലെ ഉപയോഗമില്ലാത്ത മുറിയായിരുന്നു കഴിഞ്ഞ ഭരണസമിതി പഞ്ചായത്തിന്റെ ബഡ്സ് സ്കൂളിനായുള്ള താത്കാലിക സ്ഥലം കണ്ടെത്തിയിരുന്നത്. അസൗകര്യംമൂലം ഇവിടെ ഇതുവരെ ബഡ്സ് സ്കൂള്‍ പ്രവര്‍ത്തിക്കാനായില്ല. മംഗലത്തെ ഭിന്നശേഷിക്കാരായ കുട്ടികളെ മറ്റു പഞ്ചായത്തുകളിലെ ബഡ്സ് സ്കൂളിലേക്ക് പറഞ്ഞയക്കേണ്ട അവസ്ഥയാണിപ്പോള്‍. ഭൂമി കൈമാറ്റവും കെട്ടിടനിര്മാണവുമൊക്കെയായി ഒരു വര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജില്ലാപഞ്ചായത്ത്, എം.എല്‍.എ, എം.പി ഇവയിലേതെങ്കിലുമൊരു ഫണ്ട് ലഭ്യമാക്കി കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കാനാണുദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





