07
Nov 2023
Tue
07 Nov 2023 Tue

രാഷ്ട്രീയ മാലിന്യമായ കെ. സുരേന്ദ്രന്‍ കൊടിയ വിഷം, വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ DYFI

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: സി.പി.എം സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുത്തവരെ വര്‍ഗീയമായും വംശീയമായും അധിക്ഷേപിച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കൊടും വിഷമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. പല സന്ദര്‍ഭങ്ങളിലായി വര്‍ഗീയ വിഷം വമിക്കുന്ന പ്രസ്താവനകളാണ് സുരേന്ദ്രന്‍ പറയുന്നതെന്ന് ഡി.വൈ.എഫ്.ഐ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. വര്‍ഗീയ പ്രസ്താവനകള്‍ സാമ്രാജ്യത്വ അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെ വഴിതിരിച്ചു വിടുമെന്നും ഇസ്രഈലി ഭീകരതക്ക് അനുകൂലമായ ആശയ പ്രചരണം നടത്താനാണ് സുരേന്ദ്രന്‍ ശ്രമിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

പ്രസ്താവനയുടെ മുഴുവന്‍ രൂപം:

കോഴിക്കോട്ട് നടന്ന പാലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുത്തവരെ വർഗ്ഗീയമായും വംശീയമായും അധിക്ഷേപിച്ച കെ.സുരേന്ദ്രൻ കൊടും വർഗ്ഗീയ വിഷമാണ്.
കഴിഞ്ഞ ദിവസം സിപിഎം കോഴിക്കോട്ടു സംഘടിപ്പിച്ച പലസ്‌തീൻ ഐക്യദാർഢ്യ റാലിയുടെ വേദിയിൽ അധികവും ഊശാൻ താടിക്കാരും മറ്റേത്താടിക്കാരും അരിപ്പത്തൊപ്പിക്കാരും ആയിരുന്നുവെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ പറഞ്ഞത്.
വംശീയ വെറി പൂണ്ട സുരേന്ദ്രന്റ ജല്പനം കേരളത്തിന്റെ മതനിരപേക്ഷ മനസുകളെ മുറിപ്പെടുത്തുന്നതും മുസ്ലീം മതവിഭാഗത്തെ ഇടിച്ചു താഴ്ത്തുന്നതും ഭരണഘടന അനുവദിച്ച വ്യക്തിസ്വാതന്ത്ര്യങ്ങൾക്കു നേരെയുള്ള കടന്നുകയറ്റവുമാണ്.
മുഖ്യമന്ത്രി മൊല്ലാക്കമാരെ മാത്രം വിളിച്ച് പലസ്തീന് അനുകൂല സമ്മേളനം സംഘടിപ്പിച്ചതെന്നും സിപിഎമ്മിന്റെ പേര് കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ മൗലവിയാണോ എന്നും സുരേന്ദ്രൻ ആക്ഷേപിക്കുകയുണ്ടായി.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത റാലിയിൽ സി പി ഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, ബിനോയ് വിശ്വം എം പി, മന്ത്രിമാരായ എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, മേയർ ബീന ഫിലിപ്പ്, മുൻ മന്ത്രിമാരായ ടി പി രാമകൃഷ്ണൻ എം.എൽ എ, കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ ,സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, കെ എൻ എം നേതാവ് ഡോ.ഹുസൈൻ മടവൂർ, ഡോ. ഐ പി അബ്ദുസലാം, വനിത കമ്മീഷൻ ചെയർപേഴ്സൺ പി.സതീദേവി, കെ.അജിത, എഴുത്തുകാരായ ഡോ. എം എം ബഷീർ, യു കെ കുമാരൻ, കെ പി രാമനുണ്ണി, ഡോ. ഖദീജ മുംതാസ്, പി കെ പാറക്കടവ്, പി കെ ഗോപി, സാവിത്രി ശ്രീധരൻ , ഡി.വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, എം എൽ മാരായ കെ.പി.കുഞ്ഞമ്മദ് കുട്ടി, തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല, കെ.എം.സച്ചിൻ ദേവ്, ലിന്റോ ജോസഫ്, പി.ടി.എ.റഹീം , ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, എ.പ്രദീപ് കുമാർ ,മുക്കം മുഹമ്മദ്,കെ ടി കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ ആണ് പങ്കെടുത്തതെന്നിരിക്കെ വർഗ്ഗീയമായി റാലിയെ അധിക്ഷേപിക്കുന്നത്
ലോകത്താകെ ഇസ്രയേലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ വർഗ്ഗീയമായി ചിത്രീകരിക്കാനുള്ള ശ്രമം ആണ്. കൊടിയ വർഗ്ഗീയ വിഷം വമിക്കുന്ന പ്രസ്താവനകൾ സാമ്രാജ്യത്വ – അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെ വഴിതിരിച്ചു വിടാനും ഇസ്രയേലി ഭീകരതക്ക് അനുകൂലമായി ആശയ പ്രചരണം നടത്താനുമാണ് സുരേന്ദ്രൻ ശ്രമിക്കുന്നത്.
സംഘപരിവാറിന്റെ ഇസ്രയേലി വിധേയത്വ നിലപാടിന്റെ തുടർച്ചയായാണ് കെ.സുരേന്ദ്രൻ ഇത്തരം പരാമർശങ്ങൾ നടത്തിയത്.
കേരളത്തിന്റെ സാമൂഹ്യ മണ്ഢലത്തിൽ യാതൊരു വിലയുമില്ലാത്ത , രാഷ്ട്രീയ മാലിന്യമായ കെ.സുരേന്ദ്രന്റെ വിഭാഗീയ പ്രസ്താവന വിഷലിപ്തമായ അവരുടെ രാഷ്ട്രീയ ആശയങ്ങളുടെ പ്രതിഫലനമാണ്.
വേഷവും രൂപവും പ്രദേശവും പറഞ്ഞ് വംശീയ-വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിച്ച കെ.സുരേന്ദ്രനെതിരെ ശക്തമായി പ്രതിഷേധിക്കുന്നു.
സുരേന്ദ്രനെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.
DYFI KERALA

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക