02
Nov 2023
Fri
02 Nov 2023 Fri

മെസ്സി ഉണ്ടായിട്ടും അര്‍ജന്റീനയെ രണ്ട് ഗോളിന് കീഴടക്കി ഉറുഗ്വാ; നെയ്മറില്ലാതെ ഇറങ്ങിയ ബ്രസീലിന് തോല്‍വി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയോഡീജനീറോ: ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളില്‍ നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീനക്കും ബ്രസീലിനും പരാജയം. ലയണല്‍ മെസ്സിയെയും സംഘത്തെയും ഉറുഗ്വാ എതിരില്ലാത്ത രണ്ടു ഗോളിനാണ് തകര്‍ത്തുവിട്ടത്. തുടര്‍ച്ചയായ നാലു ജയങ്ങള്‍ക്ക് പിന്നാലെയാണ് ലോക ചാമ്പ്യന്മാര്‍ തോല്‍വി വഴങ്ങുന്നത്. റൊണാള്‍ഡ് അരൗജോ (41ാം മിനിറ്റ്), ഡാര്‍വിന്‍ ന്യൂനസ് (87ാം മിനിറ്റില്‍) എന്നിവരാണ് ഉറുഗ്വാക്കായി വലകുലുക്കിയത്. തോറ്റെങ്കിലും 12 പോയന്റുമായി അര്‍ജന്റീന തന്നെയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്.

കഴിഞ്ഞ മത്സരത്തില്‍ പെറുവിനെ രണ്ടു ഗോളിന് തകര്‍ത്ത ടീമില്‍നിന്ന് ഒരു മാറ്റവുമായാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. ഗോണ്‍സാലോ മോണ്ടിയേലിനു പകരം റൈറ്റ് ബാക്കില്‍ നഹുവല്‍ മൊളീന എത്തി. ആദ്യ അരമണിക്കൂറില്‍ പന്ത് കൈവശം വെക്കുന്നതിലും ഷോട്ട് തൊടുക്കുന്നതിലും അര്‍ജന്റീനക്കായിരുന്നു മുന്‍തൂക്കം. യുറുഗ്വായിയുടെ ന്യൂനസിനും ഡി ലാ ക്രൂസിനും സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. എന്നാല്‍, 41ാം മിനിറ്റില്‍ സ്വന്തം ആരാധകരെ ഞെട്ടിച്ച് സന്ദര്‍ശകര്‍ മത്സരത്തില്‍ ലീഡെടുത്തു. മൊളീനോയെ മറികടന്ന് ബോക്‌സിനുള്ളിലേക്ക് കടന്നുകയറി മാറ്റിയസ് വിന നല്‍കിയ ക്രോസ് മനോഹരമായി അരൗജോ വലയിലാക്കി. രണ്ടാം പകുതിയില്‍ മാക് അലിസ്റ്റര്‍ക്ക് പകരം ലൗട്ടാരോ മാര്‍ട്ടിനെസിനെ കളത്തിലിറക്കി. 51ാം മിനിറ്റില്‍ 25 വാര അകലെ നിന്നുള്ള മെസ്സിയുടെ കിടിലന്‍ ഫ്രീകിക്ക് പോസ്റ്റില്‍ തട്ടി മടങ്ങി. ആക്രമണം കടുപ്പിക്കാന്‍ ഗോണ്‍സാലസിനു പകതം എയ്ഞ്ചല്‍ ഡി മരിയയും കളത്തിലെത്തി. 82ാം മിനിറ്റില്‍ ഡി മരിയയുടെ കോര്‍ണര്‍ മാര്‍ട്ടിനെസ് മനോഹരമായി ഹെഡ് ചെയ്‌തെങ്കിലും യുറുഗ്വായ് ഗോള്‍കീപ്പര്‍ സെര്‍ജിയോ റോഷെറ്റ് കൈയിലൊതുക്കി.

അതേസമയം, നെയ്മര്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളുമായി ഇറങ്ങിയ ബ്രസീല്‍ കൊളംബിയയോടും പരാജയപ്പെട്ടു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോല്‍വി. 75, 79 മിനുട്ടുകളില്‍ ലൂയിസ് ഡയസ് നേടിയ ഇരട്ടഗേളിലാണ് കൊളംബിയന്‍ ജയം. ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ വകയാണ് ബ്രസീലിന്റെ ആശ്വാസഗോള്‍. നാലാംമിനിറ്റില്‍ തന്നെ മാര്‍ട്ടിനെല്ലി ബ്രസീലിനെ മുന്നിലെത്തിച്ചെങ്കിലും ലീഡ് നിലനിര്‍ത്തുന്നതില്‍ മുന്‍ ലോകചാംപ്യന്‍മാര്‍ പരാജയപ്പെടുകയായിരുന്നു.

നവംബര്‍ 22ന് ബ്രസീലിനെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക