07
Nov 2023
Tue
07 Nov 2023 Tue

പാലക്കാട്ട് CPIM പഞ്ചായത്തംഗം തൂങ്ങിമരിച്ചു; കാരണം സാമ്പത്തിക ബാധ്യത

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്: ജില്ലയിലെ പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗവും സിപിഎം പ്രവര്‍ത്തകനുമായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലുവഴി താനായിക്കല്‍ ചെമ്മര്‍കുഴി പറമ്പില്‍ സി.പി മോനിഷാണ് (29) മരിച്ചത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം.

ബിബിഎ ബിരുദധാരിയായ മോനിഷ് പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് അംഗമായിരുന്നു. സംഭവസമയത്ത് വീട്ടില്‍ മോനിഷ് മാത്രമാണ് ഉണ്ടായിരുന്നത്. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന മോനിഷിന്റെ വല്യച്ഛന്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി എത്തിയ ജീവനക്കാര്‍ വീട്ടുകാരെ കാണാനില്ലെന്ന് പറഞ്ഞപ്പോഴാണ് വല്യച്ഛന്‍ വീട്ടിലെത്തി പരിശോധിച്ചത്. സാമ്പത്തിക ബാദ്ധ്യതയാണ് മരണത്തിന് കാരണമെന്ന് മോനിഷ് എഴുതിവച്ച കത്ത് പൊലീസിന് ലഭിച്ചു. പൂക്കോട്ടുകാവില്‍ ഇലക്ട്രിക് കടയും മോനിഷ് നടത്തിയിരുന്നു. സിപിഎം ഭരിക്കുന്ന പഞ്ചായത്താണ് പൂക്കോട്ടുകാവ്.

മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്ന് രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കും. ശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുക. അച്ഛന്‍: രവീന്ദ്രന്‍. അമ്മ: പദ്മിനി. ഭാര്യ: ദീപ്തി.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക