28
Nov 2023
Fri
28 Nov 2023 Fri

കേരളത്തില്‍ ചര്‍ച്ചുകള്‍ പെരുകുന്നു; പരാതിയില്‍ അന്വേഷണത്തിന് തദ്ദേശസ്വയംഭരണ വകുപ്പ് നിര്‍ദേശം, വിവാദമായതോടെ പിന്‍വലിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കേരളത്തില്‍ സംസ്ഥാനത്ത് ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ പെരുകുന്നതായുള്ള പരാതിയില്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത് വിവാദത്തില്‍. ബംഗളൂരു സ്വദേശി നല്‍കിയ പരാതിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കു വേണ്ടി ജോയിന്റ് ഡയറക്ടറാണ് നിര്‍ദേശം നല്‍കിയത്. വലിയ ചര്‍ച്ചയായതോടെയാണ് ഉത്തരവ് പിന്‍വലിച്ചു. ഉത്തരവിറക്കിയ ഉദ്യോഗസ്ഥയോട് തദ്ദേശ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്.

വ്യാപകമായ രീതിയില്‍ ചര്‍ച്ചുകള്‍ നിര്‍മ്മിച്ചു വരുന്നത് സംസ്ഥാനത്തിന്റെ സ്വാഭാവിക അന്തരീക്ഷത്തില്‍ മാറ്റം വരുത്തുന്നുവെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു ചീഫ് സെക്രട്ടറിക്ക് ലഭിച്ച പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ചീഫ് സെക്രട്ടറി ഇത് തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി.

തുടര്‍ന്ന് തദ്ദേശ വകുപ്പ് ഡയറക്ടര്‍ക്ക് പരാതി കൈമാറി. ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടര്‍ എല്ലാ ജില്ലകളിലേക്കും അന്വേഷണത്തിനായി അയച്ചു കൊടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിട്ടുണ്ടെന്നും, അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനുമുള്ള നിര്‍ദേശമാണ് വിവാദമായത്. നിര്‍ദേശം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്ന് തദ്ദേശവകുപ്പ് ഡയറക്ടര്‍ സൂചിപ്പിക്കുന്നു.

നവമാധ്യനങ്ങളടക്കം ചര്‍ച്ച തുടങ്ങിയതോടെയാണ് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചത്. ഇത്തരമൊരു ഉത്തരവ് ഇറങ്ങിയത് അറിഞ്ഞിരുന്നില്ലെന്നാണ് ഡയറക്ടറുടെ വിശദീകരണം. ഉത്തരവിറക്കിയ ഉദ്യോഗസ്ഥയോട് വിശദീകരണം തേടിയതായും പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ രാജമാണിക്യം പറഞ്ഞു.