കോഴിക്കോട് യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവിന്റെ അമ്മാവന്‍ കസ്റ്റഡിയില്‍; യുവതിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
|
കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ യുവതി ആത്മഹത്യ ചെയ്തതിന് കാരണം ഗാര്‍ഹിക പീഡനമാണെന്ന് ആരോപണം ശരിവെയ്ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഭര്‍തൃ വീട്ടുകാര്‍ യുവതിയെ ഉപദ്രവിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് കുന്നുമ്മക്കര തണ്ടാര്‍കണ്ടി ഹബീബിന്റെ ഭാര്യ ഷെബിന മരിച്ചത്. ഷെബിനയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനം കാരണമാണ് ഷബ്‌ന മരിച്ചതെന്ന് കാണിച്ച് യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഷബ്‌നയ്ക്ക് 10 വയസ്സുള്ള മകളുണ്ട്. ഉമ്മയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ടെന്ന് മകള്‍ പറഞ്ഞു. ‘ഇറങ്ങിപൊയ്‌ക്കോ, ഇവിടെ നിനക്ക് ഒരു അവകാശവുമില്ല’ എന്ന് പറഞ്ഞ് ഷബ്‌നയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദിച്ചെന്ന് ഷബ്‌നയുടെ ഉമ്മ പറഞ്ഞു. മകള്‍ ഇക്കാര്യങ്ങള്‍ വിളിച്ചുപറഞ്ഞപ്പോള്‍ ഞങ്ങളെല്ലാമുണ്ട് എന്ന് പറഞ്ഞ് താന്‍ സമാധാനിപ്പിച്ചിരുന്നുവെന്നും ഉമ്മ പറയുന്നു. ഷബ്‌നയുടെ വിവാഹം കഴിഞ്ഞിട്ട് 10 വര്‍ഷം കഴിഞ്ഞു. ഈ കാലമത്രയും മകള്‍ക്ക് ഭര്‍തൃ വീട്ടില്‍ കൊടിയ പീഡനങ്ങളാണ് അനുഭവിക്കേണ്ടി വന്നതെന്നും അവര്‍ പറഞ്ഞു.
അതേസമയം, സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മാവന്‍ ഹനീഫ് കസ്റ്റഡിയില്‍. ഷെബിനയെ ഹനീഫ് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഹനീഫിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തി. പൊലീസ് ചോദ്യം ചെയ്തു വരുന്നു.
സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ എടച്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം നടത്തുകയാണ്. അന്വേഷണം ഊര്‍ജിതമാക്കിയതിനു പിന്നാലെയാണ് അമ്മാവന്‍ കസ്റ്റഡിയിലായത്. ഭര്‍തൃ വീട്ടുകാരുടെ പീഡനമാണ് പിന്നിലെന്നു ഷെബിനയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വിദേശത്തു നിന്ന് ഭര്‍ത്താവ് എത്തുന്നതിന് തലേ ദിവസമാണ് ഷെബിന മാതാവിനൊപ്പം ഭര്‍തൃവീട്ടിലെത്തിയത്. ഷെബിനയുടെ മരണം ഉറപ്പാക്കിയതിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചത്. വിവാഹത്തിന് നല്‍കിയ 120 പവന്‍ സ്വര്‍ണം ഭര്‍തൃവീട്ടുകാര്‍ സ്വന്തമാക്കിയെന്നും കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




