15
Dec 2023
Wed
15 Dec 2023 Wed

മുംബൈ: മക്കൾക്ക് മാനേജ്മെന്റ് ക്വാട്ടയില് മെഡിക്കൽ പ്രവേശനം ഏർപ്പാടാക്കി നൽകാമെന്ന് പറഞ്ഞ് മാതാപിതാക്കളിൽ നിന്ന് 1.14 കോടി രൂപ തട്ടിയ ഡോക്ടർക്കെതിരേ മുംബൈ പൊലീസ് കേസെടുത്തു. രണ്ടു ബിസിനസ്സുകാരെയാണ് ഡോക്ടർ ഹിതൻ കെനിയയും സംഘവും കബളിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിസനസ്സുകാരായ ധർമങ് ദേദിയയ്ക്കും ജിമ്മി ദേശായിക്കുമാണ് പണം നഷ്ടമായത്. ബോറിവാലി ഈസ്റ്റിൽ ക്ലിനിക്ക് നടത്തുന്ന ഡോ ഹിതന്റെ അടുത്ത് 95വയസ്സുള്ള അമ്മയുമായി ദേദിയ എത്തിയപ്പോഴാണ് തട്ടിപ്പിന് തുടക്കമായത്. ദേദിയയുടെ മകൾ നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിവരം ഡോ.ഹിതൻ അറിയുന്നത്. ഇതോടെ തനിക്ക് മെഡിക്കൽ കോളജ് അധികൃതരുമായി ബന്ധമുണ്ടെന്നും അഡ്മിഷൻ തരപ്പെടുത്തി നൽകാമെന്നും അറിയിച്ചു. ഇതോടെ ദേദിയ വിവരം ദേശായിയുമായി പങ്കുവച്ചു. ദേശായിയുടെ മകനും നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നുണ്ടായിരുന്നു. തുടർന്ന് ഇരുവരും ഡോക്ടറുടെ ക്ലിനിക്കിലെത്തി.

ഇവിടെ വച്ച് ഡോക്ടർ ഇരുവരെയും ഹീന എന്ന ശാശിമ തിവാരിയെ പരിചപ്പെടുത്തി നൽകി. ഒരാൾക്ക് 60 ലക്ഷം രൂപ വീതമാണ് ഹീന അഡ്മിഷനായി ആവശ്യപ്പെട്ടത്. ആവശ്യം അം​ഗീകരിച്ചതോടെ ജീവൻ എന്നയാളുമായി ഹീന ഇരുവരെയും ബന്ധപ്പെടുത്തി. അഡ്മിഷൻ കിട്ടിയില്ലെങ്കിൽ തുക തിരികെ നൽകുമെന്ന് ജീവൻ അറിയിച്ചു. തുടർന്ന് ഇരുവരും 57 ലക്ഷം രൂപ വീതം മക്കളുടെ അഡ്മിഷനായി ഡോക്ടർക്ക് കൈമാറി. പണം നൽകിയ ശേഷം നീറ്റ് റിസൽട്ട് വരികയും ഇരുവരുടെയും മക്കൾ മികച്ച മാർക്ക് വാങ്ങുകയും ചെയ്തു.

ഇതോടെ പണം തിരികെ ആവശ്യപ്പെട്ട് ഇരുവരും ഡോക്ടർ ഹിതനെ സമീപിച്ചു. പണം താൻ ഹീനയ്ക്ക് കൈമാറിയെന്നാണ് ഡോക്ടർ പറഞ്ഞത്. തുടർന്ന് ഹീനയെ സമീപിച്ചതോടെ താൻ ഇൻഷുറൻസ് ഏജന്റാണെന്നും പരാതിക്കാരെ തനിക്കറിയില്ലെന്നും ഹീന പറഞ്ഞു. ഇതോടെയാണ് തങ്ങൾ തട്ടിപ്പിനിരയായെന്ന വിവരം ഇരുവരും തിരിച്ചറിയുന്നതും പൊലീസിനെ സമീപിക്കുന്നതും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക