22
Dec 2023
Sun
22 Dec 2023 Sun

ന്യൂഡല്‍ഹി: ലൈംഗികപീഡനക്കേസില്‍ ആരോപണവിധേയനായ BJP നേതാവ് ബ്രിജ് ഭൂഷന്‍ സിങ്ങിന്റെ ബിനാമി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഗുസ്തി താരങ്ങള്‍ നടത്തിവന്ന സമരം വിജയിച്ചു. ദേശീയ ഗുസ്തി ഫെഡറേഷനെ കേന്ദ്ര കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ട ബ്രിജ് ഭൂഷന്‍ സിങ്ങിന്റെ അനുയായിയായ സഞ്ജയ് സിങ്ങ് അധ്യക്ഷനായ ഭരണ സമിതിയെയാണ് കായിക മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട് തുടങ്ങിയ മുന്‍നിര ഗുസ്തി താരങ്ങള്‍ പുതിയ ഭരണസമിതിക്കെതിരേ രംഗത്തുവരികയും വാര്‍ത്താസമ്മേളനം വിളിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഗുസ്തി മത്സരത്തിന് ഇനിയില്ലെന്ന് സാക്ഷി അറിയിക്കുകയും ചെയ്തു. ഇതോടൊപ്പം ബജ്‌റംഗ് പുനിയ തന്റെ പത്മശ്രീ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്ക് മുന്നില്‍ ഉപേക്ഷിക്കുകയും ചെയ്തു. ഇതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ബ്രിജ് ഭൂഷണെ കൈവിട്ടത്.

ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങുമായി ബന്ധമുള്ള ആരും ഫെഡറേഷനിലേക്ക് വരില്ലെന്ന കായിക മന്ത്രിയുടെ രേഖാമൂലമുള്ള ഉറപ്പ് ലംഘിക്കപ്പെട്ടെന്നു ആരോപിച്ചായിരുന്നു താരങ്ങള്‍ രംഗത്തെത്തിയത്. തങ്ങള്‍ക്ക് ഒരു കാലത്തും നീതി കിട്ടില്ലെന്നു താരങ്ങള്‍ പരസ്യമായി മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നടിച്ചു. പിന്നാലെയാണ് സാക്ഷി മാലിക് കരിയര്‍ അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്.